സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി
സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി വിജയകരമായി നടത്തി. ആർസിസിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗമാണ് നേപ്പാൾ സ്വദേശിയായ മൂന്ന് വയസുകാരന് റോബോട്ടിക് സർജറി നടത്തിയത്.
ഇടത് അഡ്രീനൽ ഗ്രന്ഥിയിലെ ന്യൂറോബ്ലാസ്റ്റോമ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് റോബോട്ടിക് സാങ്കേതികവിദ്യയോടെ വിജയിപ്പിച്ചത്. മൂന്നാം ദിവസം യാതൊരുവിധ സങ്കീർണതകളുമില്ലാതെ കുട്ടിയെ ഡിസ്ചാർജ് ചെയ്തു. പീഡിയാട്രിക് റോബോട്ടിക് സർജറി വിജയകരമായി നടത്തിയ ആർ.സി.സി.യിലെ മുഴുവൻ ടീം അംഗങ്ങളെയും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
ആർ.സി.സിയിലെ അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയെ പീഡിയാട്രിക് ഓങ്കോസർജറിയുമായി സംയോജിപ്പിച്ചത് കേരളത്തിലെ സർക്കാർ മേഖലയിലും രാജ്യത്തെ വളരെ ചുരുക്കം ആശുപത്രികളിലും ഒഴിച്ചാൽ പീഡിയാട്രിക് കാൻസർ സർജറിക്കുള്ള ആദ്യ സംരംഭമാണ്.
റോബോട്ടിക് സർജറിയുടെ ഈ വിജയം പീഡിയാട്രിക് ഓങ്കോളജി ഉൾപ്പെടെയുള്ള സങ്കീർണമായ ശസ്ത്രക്രിയകൾ നടത്താനുള്ള സ്ഥാപനത്തിന്റെ ശേഷി വർധിപ്പിക്കുന്നു. സംസ്ഥാനത്ത് ഈ സർക്കാരിന്റെ കാലത്താണ് സർക്കാർ മേഖലയിൽ ആദ്യമായി ആർസിസിയിൽ കാൻസറിന് റോബോട്ടിക് സർജറി ആരംഭിച്ചത്.
തുടർന്ന് മലബാർ കാൻസർ സെന്ററിലും റോബോട്ടിക് സർജറി ആരംഭിച്ചു. ഇത് സംസ്ഥാനത്തിനകത്ത് പൊതുമേഖലാ ആരോഗ്യ സംരക്ഷണത്തിൽ സുപ്രധാന നാഴികക്കലായി അടയാളപ്പെടുത്തി. 30 കോടി രൂപ വീതം ചെലവിൽ റോബോട്ടിക് സംവിധാനം സ്ഥാപിച്ചതോടെ നൂതന റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനങ്ങളുള്ള ഇന്ത്യയിലെ തിരഞ്ഞെടുത്ത സർക്കാർ സ്ഥാപനങ്ങളിൽ ആർ.സി.സിയും എം.സി.സിയും സ്ഥാനം പിടിച്ചു.
കൃത്യതയ്ക്കും മികച്ച ഫലത്തിനും പേരുകേട്ട റോബോട്ടിക് സർജറിയ്ക്ക് രോഗിയുടെ വേദന കുറയ്ക്കുക, രക്തസ്രാവം കുറയ്ക്കുക, വേഗത്തിലുള്ള രോഗമുക്തി എന്നിവ ഉൾപ്പെടെ നിരവധി ഗുണങ്ങളുണ്ട്. ഡോ. ഷാജി തോമസിന്റെ നേതൃത്വത്തിലുള്ള സർജിക്കൽ ടീമിൽ ഡോ. ശിവ രഞ്ജിത്ത്, ഡോ.അശ്വിൻ, ഡോ. ദിനേശ്, ഡോ.മേരി തോമസിന്റെ നേതൃത്വത്തിലുള്ള അനസ്‌തേഷ്യ ടീം, ഹെഡ് നഴ്സ് ഇന്ദുവിന്റെ നേതൃത്വത്തിലുള്ള റോബോട്ടിക് തിയേറ്റർ നഴ്‌സിംഗ് വിഭാഗം അഞ്ജലി, അനില, രമ്യ, എൻജിനീയർ പൂജ, ജീന, വകുപ്പ് മേധാവി ഡോ. പ്രിയയുടെ നേതൃത്വത്തിലുള്ള പീഡിയാട്രിക് ഓങ്കോളജി ടീം എന്നിവരുടേയും ഡിപ്പാർട്ട്മെന്റിന്റെയും പൂർണ പിന്തുണയോടും പരിചരണത്തോടും കൂടിയാണ് കീമോതെറാപ്പിയും ശസ്ത്രക്രിയയും ഉൾപ്പെടെയുള്ള മുഴുവൻ ചികിത്സയും നടത്തിയത്.