മലബാര്‍ കാന്‍സര്‍ സെന്ററില്‍ കാന്‍സര്‍ ചികിത്സയില്‍ അപൂര്‍വ നേട്ടം

കണ്ണൂർ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കാന്‍സര്‍ ചികിത്സയില്‍ അപൂര്‍വ നേട്ടം കൈവരിച്ചു. കണ്ണിലെ കാന്‍സർ ചികിത്സിക്കാനുള്ള ഒക്യുലാര്‍ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ എം.സി.സി.യില്‍ വിജയകരമായി നടത്തി.

കണ്ണിന്റെ കാഴ്ച  നിലനിര്‍ത്തിക്കൊണ്ടുള്ള കാന്‍സർ ചികിത്സാ രീതിയാണിത്. എം.സി.സി.യിലെ ഒക്യുലാര്‍ ഓങ്കോളജി വിഭാഗവും റേഡിയേഷന്‍ ഓങ്കോളജി വിഭാഗവും ചേര്‍ന്നാണ് ഈ തെറാപ്പിക്ക് നേതൃത്വം നല്‍കിയത്. കേരളത്തില്‍ ഇത്തരമൊരു ചികിത്സ ആദ്യമായാണ് നടത്തുന്നത്. ഇന്ത്യയിലെ വളരെ കുറച്ച് ആശുപത്രികളിൽ മാത്രമേ ഈ ചികിത്സ നടത്തുന്നുള്ളൂ. ഡല്‍ഹി എയിംസ്, ന്യൂഡല്‍ഹി ആര്‍മി ഹോസ്പിറ്റല്‍, ചണ്ഡിഗഡ് ഗവ. മെഡിക്കല്‍ കോളേജ് എന്നിവ കഴിഞ്ഞാല്‍ ഈ ചികിത്സ നടത്തുന്ന ഇന്ത്യയിലെ നാലാമത്തെ സര്‍ക്കാര്‍ ആശുപത്രിയായി ഇതോടെ എം.സി.സി. മാറി.

ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ റേഡിയേഷൻ ഓങ്കോളജി വിഭാഗം മേധാവി ഡോ. ഗീത, ഡോ. ജോനീത, ഡോ. ഗ്രീഷ്മ, ഡോ. ഫിറോസ്, ഡോ. ഹൃദ്യ, ഡോ. ശിൽപ, ഡോ. സോണാലി, സ്‌റ്റാഫ് നഴ്സുമാരായ ജിഷ, മനീഷ്, ശ്രീജിൽ തുടങ്ങി എം.സി.സി.യിലെ മുഴുവന്‍ ടീമിനേയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.എം.സി.സി. ഡയറക്ടർ ഡോ. സതീശനെയും അഭിനന്ദിച്ചു.