ജനകീയ കൂട്ടായ്മയിൽ പടന്നവളപ്പ് തോടിന് പുതുജീവൻ
കോഴിക്കോട് കോർപ്പറേഷൻ ഡിവിഷൻ 54 ലെ മാലിന്യം നിറഞ്ഞ പടന്നവളപ്പ് തോട് ശുചീകരണത്തിന് ജനകീയ കൂട്ടായ്മ തുടക്കമിട്ടു. ഒരുകാലത്ത് തെളിനീരൊഴുകിയിരുന്ന ഈ തോട് ഇപ്പോൾ ഖരമാലിന്യങ്ങളും മലിനജലവും നിറഞ്ഞ് ഒഴുക്ക് നിലച്ച് പരിസ്ഥിതിക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഭീഷണിയായി തീർന്നിരിക്കുകയാണ്.
കപ്പക്കലിലൂടെ കടന്നുപോകുന്ന ബേപ്പൂർ കല്ലായി കനാലിൻ്റെ കൈവഴികളായി പടന്ന വളപ്പ്, ചാമുണ്ഡി വളപ്പ്, നൈനാം വളപ്പ്, എന്നിവിടങ്ങളിലൂടെ വീടുകൾക്കിടയിലൂടെ ഒഴുകുന്ന കനാലാണിത്. ഒഴുക്കു നിലച്ച് വർഷങ്ങളായി മലിനമായി കിടക്കുകയായിരുന്നു.
കോഴിക്കോട് കോർപറേഷന്റെ ശുചിത്വ പ്രോട്ടോകോൾ പദ്ധതി ജില്ലാ ഭരണകൂടത്തിന്റെയും ഹരിത കേരളം മിഷന്റെയും ഇനി ഞാനൊഴുകട്ടെ ക്യാമ്പയിൻ എന്നിവയില്‍ ഉൾപ്പെടുത്തിയാണ് തോടിനു പുനരുജ്ജീവനം നൽകുന്നത്.
ആരോഗ്യസമിതി ചെയർപേഴ്സൺ ഡോ.ജയശ്രീ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. എൺപതോളം സാനിട്ടേഷൻ തൊഴിലാളികൾ, 11 അതിഥി തൊഴിലാളികൾ എന്നിങ്ങനെ ഇരുന്നൂറോളം ആളുകൾ നാല് ക്ലസ്റ്ററുകളിലായി ശുചീകരണ
യജ്ഞത്തിൽ പങ്കെടുത്തു. കോർപ്പറേഷൻ്റെ മറ്റു സർക്കിളിലെ ഹെൽത്ത് ഉദ്യോഗസ്ഥരും നേതൃത്വം നൽകി. ആദ്യഘട്ട ശുചീകരണത്തിന് ശേഷം, അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്ത് വശങ്ങൾ കെട്ടി സംരക്ഷണം ഏർപ്പെടുത്തി വീണ്ടെടുക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പ്രദേശത്തിന്റെ കൂടി എം.എൽ.എ യായ മന്ത്രി അഹമ്മദ് ദേവർകോവിൽ ആവശ്യമായ പദ്ധതികൾ വകയിരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കോർപ്പറേഷൻ കൗൺസിലർമാരായ എം.ബിജുലാൽ, എൻ.ജയഷീല, ഹെൽത്ത് ഓഫീസർ ഡോ.മിലു, ഹരിത കേരളം മിഷൻ ജില്ലാ
കോർഡിനേറ്റർ പി.പ്രകാശ്, ഹെൽത്ത് സൂപ്പർവൈസർ പി.ഷജിൽ കുമാർ, ശുചിത്വമിഷൻ അസി. കോർഡിനേറ്റർ ഉഷകുമാരി, പ്രോഗ്രാം ഓഫീസർ കൃപ വാര്യർ, എച്ച്.ഐ. സ്റ്റീഫൻ, രാജേന്ദ്രൻ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരായ രാജേഷ്.എ, പ്രിയ,.വാർഡ് കൺവീനർ പി.കെ ഷാഫി, ഉദയം റെസിഡൻസ് സെക്രട്ടറി കെ.ഗോപിനാഥ്, പ്രസിഡണ്ട് മുസ്തഫ, പറവ റെസിഡന്റ്‌സ് പ്രസിഡന്‍റ് പി.വി. ഷംസുദ്ധിൻ, സെക്രട്ടറി പി.എൻ.ആസിഫ്, പി.ടി.ബാവ, അഡ്വ.സീനത്ത് എന്നിവരെല്ലാം ശുചീകരണത്തിൽ പങ്കെടുത്തു.