അവയവദാന ശസ്ത്രക്രിയാ സംവിധാനങ്ങള്‍ക്കായി ഒന്നരക്കോടി

സംസ്ഥാനത്തെ അവയവദാന ശസ്ത്രക്രിയാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഒന്നര കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 55 ലക്ഷം, കോട്ടയം മെഡിക്കല്‍ കോളേജ് 50 ലക്ഷം, കോഴിക്കോട് മെഡിക്കല്‍ കോളേജ് 45 ലക്ഷം എന്നിങ്ങനെയാണ് തുകയനുവദിച്ചത്. അവയവദാനങ്ങളുടെ എണ്ണം കൂട്ടാനും മെഡിക്കല്‍ കോളേജുകളില്‍ കൂടുതല്‍ അവയവദാന ശസ്ത്രക്രിയകള്‍ നടത്താനുമാണ് ലക്ഷ്യമിടുന്നത്.

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ സജീവമാക്കാനാണ് മെഡിക്കല്‍ കോളേജുകള്‍ക്ക് ഇത്രയും തുക അനുവദിച്ചതെന്ന്‌
മന്ത്രി അറിയിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍, മള്‍ട്ടിപാരമീറ്റര്‍ മോണിറ്ററുകള്‍, പോര്‍ട്ടബിള്‍ എബിജി അനലൈസര്‍ മെഷീന്‍, 10 ഐസിയു കിടക്കകള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്കാണ്‌ തുകയനുവദിച്ചത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ അനസ്‌തേഷ്യ വര്‍ക്ക്‌സ്‌റ്റേഷന്‍, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ട്രാന്‍സ്പ്ലാന്റ് ഉപകരണങ്ങള്‍, ലാപ്രോസ്‌കോപ്പി സെറ്റ്, റീനല്‍ ട്രാന്‍സ്പ്ലാന്റ് ഐസിയു ഉപകരണങ്ങള്‍ എന്നിവയ്ക്കും, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സിആര്‍ആര്‍ടി മെഷീന്‍, പോര്‍ട്ടബിള്‍ ഡയാലിസിസ് മെഷീന്‍, അള്‍ട്രാ ലോ ടെമ്പറേച്ചര്‍ ഫ്രീസ് എന്നിവയ്ക്കുമാണ് തുകയനുവദിച്ചത്.