വയനാട്ടിലെ വവ്വാലുകളുടെ സാമ്പിളുകളിൽ നിപ വൈറസ്
കോഴിക്കോട് നിപ ബാധയെ പൂർണമായും അതിജീവിച്ചു -മന്ത്രി വീണാ ജോർജ്
വയനാട് നിന്ന് സെപ്റ്റംബറിൽ ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ നിപ വൈറസ് സാന്നിധ്യം ഉണ്ടെന്ന്
ഐ.സി.എം.ആർ അറിയിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സുൽത്താൻ ബത്തേരി മാനന്തവാടി ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച വവ്വാലുകളിലാണിത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊതു അവബോധത്തിന് വേണ്ടിയാണ് ഇക്കാര്യം പറയുന്നതെന്നും മന്ത്രി അറിയിച്ചു
എൻസഫലൈറ്റിസ്, ഗുരുതര ശ്വാസകോശ രോഗം എന്നിവയുള്ളവർക്ക് നിപയല്ലെന്ന് ഉറപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് പോലെ തന്നെ വയനാടും പ്രതിരോധ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി തന്നെ കൊണ്ടുപോകും-മന്ത്രി പറഞ്ഞു. കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധയെ പൂർണമായും അതിജീവിച്ചതായും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു
കോഴിക്കോട് നിപ വ്യാപനം ഉണ്ടായ ശേഷം ഇൻകുബേഷന്റെ 42-ാമത്തെ ദിവസം 26ന് പൂർത്തിയാവുകയാണ്. ഈ വ്യാപനത്തിൽ ആകെ ആറ് പേർ പോസിറ്റീവായി. അതിൽ രണ്ട് പേരാണ് മരിച്ചത്. നെഗറ്റീവായവർ ആശുപത്രി വിട്ട ശേഷമുള്ള ഐസൊലേഷൻ കാലാവധിയും പൂർത്തിയായിട്ടുണ്ട്.
ആഗോളതലത്തിൽ തന്നെ 70 മുതൽ 90 ശതമാനം മരണനിരക്കുള്ള പകർച്ച വ്യാധിയാണ് നിപ. എന്നാൽ മരണനിരക്ക് 33.33 ശതമാനത്തിൽ നിർത്തുന്നതിന് കോഴിക്കോട്ട് സാധിച്ചു. മാത്രമല്ല സമ്പർക്കപ്പട്ടികയിലുള്ളയാൾ തന്നെ പോസിറ്റീവ് ആയെന്ന് കണ്ടെത്താൻ സാധിച്ചത് ഇതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ വളരെ കൃത്യമായി നടന്നു എന്നതിന്റെ തെളിവായാണ് ആരോഗ്യ വകുപ്പ് കാണുന്നത്.
1186 സാമ്പിളുകൾ പരിശോധിച്ചു. 1288 പേരായിരുന്നു സമ്പർക്ക പട്ടികയിലുണ്ടായിരുന്നത്. അവരുടെ ഐസൊലേഷനും അതാത് ഘട്ടങ്ങളിൽ പൂർത്തിയായിരുന്നു. 53,708 വീടുകൾ സന്ദർശിച്ചു. 118 പേരെയാണ് കിടത്തി ചികിത്സിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ 107 പേർ ചികിത്സ തേടിയിരുന്നു.