ഡോ. ആനന്ദ് മൂന്നാം തവണയും ഭോപ്പാലിലേക്ക് പറന്നു, വവ്വാലുകളുമായി

ശശിധരന്‍ മങ്കത്തില്‍

നിപ്പയും പക്ഷിപ്പനിയും ഭീതി പരത്തുമ്പോൾ ഡോ.എം. ആനന്ദ് മൂന്നാം തവണയും പറന്നു ഭോപ്പാലിലേക്ക്. രോഗത്തിൻ്റെ നിജസ്ഥിതി അറിയാനായി ചത്ത വവ്വാലുകളുമായുളള വിമാനയാത്ര. വെറ്ററിനറി ഡോക്ടർ അടക്കമുള്ള വിദഗ്ധ സംഘത്തിൻ്റെ നേതൃത്വത്തിൽ വവ്വാലുകളെയും കോഴികളെയും പിടിച്ച് കൊന്ന് ഐസ് ബോക്സിലാക്കിയാൽ രോഗം കണ്ടെത്താനായി അത് ഉടൻ ലക്ഷ്യസ്ഥാനത്തെത്തണം. പക്ഷിപ്പനി പരത്തുന്ന കോഴികളെ പായ്ക്ക് ചെയ്ത പെട്ടി വിമാനത്തിൽ കയറ്റാൻ പറ്റില്ലെന്ന് ശഠിക്കുന്ന അധികൃതർ… കോഴികളെ ഉടൻ ലാബിൽ എത്തിച്ചില്ലെങ്കിൽ പരിശോധനാ 

ഫലം ശരിയാകില്ല എന്ന പ്രശ്നം മറ്റൊരു വശത്ത്. പക്ഷെ ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് മൂന്നു തവണ ഭോപ്പാലിലേക്ക് പോകാൻ സഹായിച്ചത് ആനന്ദിൻ്റെ സ്പോർട്സ്മാൻ സ്പിരിറ്റ്‌ തന്നെ.

കോഴിക്കോട് മണ്ണൂർ ഗവ. മൃഗാസ്പത്രിയിലെ വെറ്ററിനറി സർജനായ ഡോ.ആനന്ദ് പഴയകാല ക്രിക്കറ്റ് കളിക്കാരൻ കൂടിയാണ്. മൂന്നു തവണയാണ് ആനന്ദ് സാമ്പിളുമായി ഭോപ്പാലിലേക്ക് പോയത്. 2018 ൽ കോഴിക്കോട്ട് നിപ്പ പടർന്നപ്പോഴും അതു കഴിഞ്ഞ് കോഴിക്കോട് കൂരാച്ചുണ്ടിൽ പക്ഷിപ്പനി സംശയിച്ചപ്പോഴും ഈയടുത്ത് നിപ്പ ബാധിച്ച് കുട്ടി മരിച്ചപ്പോഴും. കഴിഞ്ഞ ജുലായ് മാസത്തിൽ കൂരാച്ചുണ്ട് പഞ്ചായത്തിലെ ഹമീദ് എന്ന ആളുടെ ഫാമിലാണ് 

അറുന്നൂറോളം കോഴികൾ ചത്ത് പക്ഷിപ്പനി സംശയിച്ചത്. ചത്ത കോഴിയെയും അതിൻ്റെ രക്തസാമ്പിളുമാണ് കൊണ്ടുപോയത്. വായു കടക്കാത്ത ഐസ് ജെൽ പാക്കിലാണ് ഇത് കൊണ്ടുപോയത്. ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹൈസെക്യുരിറ്റി ആനിമൽ ഡിസീസസ് ലാബിലെ പരിശോധനയിൽ പക്ഷിപ്പനിയല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു.

ജുലായ് 21ന് സാമ്പിളുമായി കരിപ്പൂരെത്തിയപ്പോൾ വൈകിയതിനാൽ വിമാനത്തിൽ കയറ്റിയില്ല. ലാബിലേക്കുള്ള സാമ്പിളാണെന്ന് പറഞ്ഞപ്പോൾ സെക്യൂരിറ്റിക്കാർ പരിശോധന നടത്തി അകത്ത് കയറ്റി. പക്ഷെ വിമാനത്തിൽ കയറാനായില്ല. 8.55 നായിരുന്നു വിമാനം. 8.40 ന് വിമാനത്താവളത്തിൽ എത്തിയെങ്കിലും അതിൽ പോകാൻ സാധിച്ചില്ല. ഒരു മണിക്കൂർ മുമ്പ് എത്തണമെന്നാണ് നിയമം.

ലാബിലേക്കുള്ള സാമ്പിളാണെന്ന് പറഞ്ഞു നോക്കിയെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ല. പിന്നീട് കണ്ണൂർ വിമാനത്താവളം വഴി പോകാൻ ടിക്കറ്റെടുത്തു. അടുത്ത ദിവസം കോഴിക്കോട് നിന്ന് പുലർച്ചെ പുറപ്പെട്ടു.രാവിലെ 10.45 നായിരുന്നു വിമാനം. പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിനകത്തു കയറിയപ്പോൾ കോഴി സാമ്പിൾപെട്ടി വിമാനത്തിൽ കയറ്റാനാകില്ലെന്ന് അധികൃതർ. അതോടെ ഡോക്ടർ ആകെ അങ്കലാപ്പിലായി. കോഴിക്കോട് കളക്ടറെ വിളിച്ച് കാര്യം പറഞ്ഞു. കളക്ടർ കണ്ണൂർ കളക്ടറെയും ജില്ലാ പോലീസ് സൂപ്രണ്ടിനെയും വിളിച്ചു. എന്നിട്ടും ഫലമില്ല.

2019 വരെ സാമ്പിൾ സ്വന്തം ലഗേജായി കൊണ്ടു പോകാമായിരുന്നു.  കോവിഡ് പടർന്നപ്പോൾ ഇൻ്റർനാഷണൽ ഏവിയേഷൻ പ്രോട്ടോക്കോളിൽ മാറ്റം വന്നു. ഇത്തരം 

സാമ്പിളുകൾ കൈയിൽ കൊണ്ടുപോകാൻ പറ്റില്ല. കാർഗോയായി മാത്രമെ കൊണ്ടുപോകാൻ പറ്റു. എയർപോർട്ട് മാനേജർ വഴി വിമാനക്കമ്പനിയുടെ ചീഫ് ഓപ്പറേഷൻസ്  മാനേജരുമായി സംസാരിച്ചു. സാമ്പിളിൽ നിന്ന് പക്ഷിപ്പനി യാത്രക്കാരിലേക്ക് പകർന്നാലോ എന്നായിരുന്നു അദ്ദേഹത്തിൻ്റെ സംശയം. മറ്റ് വഴികളില്ലെന്ന് കണ്ടപ്പോൾ മൃഗസംരക്ഷണ വകുപ്പ് ഡയരക്ടർ വഴി മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിച്ചു. പിന്നീട് കാര്യങ്ങൾ ഉടൻ നടന്നു. കണ്ണൂരും കരിപ്പൂരും കാർഗോ സർവ്വീസ് ഇല്ലാത്തതിനാൽ നെടുമ്പാശ്ശേരി വഴി കാർഗോയിൽ കൊണ്ടുപോകാമെന്നായി

അധികൃതർ.12 മണിക്കൂർ കഴിഞ്ഞാൽ സാമ്പിൾ കേടാകും. അതിനാൽ വീണ്ടും കൂരാച്ചുണ്ടിൽ നിന്ന് സാമ്പിൾ പായ്ക്ക് ചെയ്ത് എത്തിക്കാൻ പറഞ്ഞു. അങ്ങനെ ഒരു സംഘം കൂരാച്ചുണ്ടിലെത്തി വീണ്ടും കോഴി സാമ്പിളെടുത്തു. രാത്രി തന്നെ സാമ്പിൾ കൊണ്ടു പോകണമെന്ന് ആനന്ദ് ആവശ്യപ്പെട്ടു. അതിനുള്ള സൗകര്യം വിമാനക്കമ്പനി ഏർപ്പെടുത്തി.

നെടുമ്പാശ്ശേരിക്ക് പോകാനായി ഉച്ചയ്ക്ക് രണ്ടരയ്ക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് നാലരയ്ക്ക് കോഴിക്കോട്ടെത്തി. അപ്പോഴേക്കും പുതിയ സാമ്പിൾ പെട്ടി കോഴിക്കോട്ട് റെഡിയായിരുന്നു. രാത്രി എട്ടരയ്ക്ക് സാമ്പിൾ പെട്ടി കാർഗോ സർവ്വീസിൽ നൽകണം. സാധാരണ

വാഹനത്തിൽ പോയാൽ സമയത്ത് എത്തില്ല. ഉടൻ മൃഗസംരക്ഷണ വകുപ്പിൻ്റെ ആമ്പുലൻസ് ഏർപ്പാടാക്കി നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെട്ടു. മണിക്കൂറിൽ 100-120 കിലോമീറ്റർ വേഗത്തിൽ ആമ്പുലൻസ് പാഞ്ഞു. ഡ്രൈവർ പ്രജിത്തിൻ്റെ ഉത്സാഹം കൂടിയായപ്പോൾ നാല് മണിക്കൂർ കൊണ്ട് ആമ്പുലൻസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. രാത്രി ഡൽഹിയിലെത്തി അവിടെ നിന്ന് ഉച്ചയോടെ ഭോപ്പാലിലും. ലാബിൽ നിന്ന് ലഭിച്ച ഫലം നെഗറ്റീവായിരുന്നു. പീന്നീട്‌ മുബൈ വഴിയാണ് നിപ്പ സംശയത്തിൻ്റെ പേരിൽ വവ്വാൽ സാമ്പിളുമായി ഭോപ്പാലിലേക്ക് പോയത്. അതിൻ്റെ ഫലവും നെഗറ്റീവായിരുന്നു. 2018 ലെ നിപ്പ പ്രതിരോധ പ്രവർത്തനത്തിൽ സ്തുത്യർഹമായ സേവനം നടത്തിയതിന് ഡോ.ആനന്ദിന് മന്ത്രി എ.കെ.ശശീന്ദ്രൻ മെമൻ്റൊ സമ്മാനിച്ചിരുന്നു.

2 thoughts on “ഡോ. ആനന്ദ് മൂന്നാം തവണയും ഭോപ്പാലിലേക്ക് പറന്നു, വവ്വാലുകളുമായി

Leave a Reply

Your email address will not be published. Required fields are marked *