കോട്ടയം മെഡി.കോളേജ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന് എന്‍.എ.ബി.എച്ച് അക്രഡിറ്റേഷൻ
കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന് എന്‍.എ.ബി.എച്ച് അക്രഡിറ്റേഷൻ ലഭിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായിട്ടാണ് ഒരു ഡിപ്പാര്‍ട്ട്‌മെന്‍റിന് എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
2021-22ല്‍ മെഡിക്കല്‍ കോളേജുക്കുള്ള ക്വാളിറ്റി ഇംപ്രൂവ്‌മെന്‍റ് ഇന്‍ഷ്യേറ്റീവ് പദ്ധതി ആരോഗ്യ വകുപ്പ് ആരംഭിച്ചപ്പോള്‍ മുന്നോട്ടു വെച്ച ആശയമായിരുന്നു ഇത്. മെഡിക്കല്‍ കോളേജുകള്‍ക്ക് ക്വാളിറ്റി അക്രഡിറ്റേഷന്‍ സാധ്യമാക്കുക, സേവന ഗുണനിലവാരം മെച്ചപ്പെടുത്തുക, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോകോള്‍ പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തുക തുടങ്ങിയ കാര്യങ്ങള്‍ ഇതിലൂടെ ലക്ഷ്യം വെച്ചിരുന്നു.
ഇതനുസരിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എമര്‍ജന്‍സി വിഭാഗത്തില്‍ ഒരു പ്രൊഫസര്‍, നാല് അസിസ്റ്റന്‍റ് പ്രൊഫസര്‍, 10 സീനിയര്‍ റെസിഡന്‍റ് ഡോക്ടര്‍മാര്‍ എന്നിവരെയും നിയമിച്ചതോടെയാണ് എന്‍.എ.ബി.എച്ച് അസിക്രെഡിറ്റേഷനിലേയ്ക്ക് പോകാന്‍ ഈ വിഭാഗം സജ്ജമായത്. ലക്ഷ്യം കൈവരിക്കാന്‍ പ്രവർത്തിച്ച ടീമിനെ മന്ത്രി അഭിനന്ദിച്ചു.




















