നവകേരള പുരസ്‌ക്കാര നിറവിൽ വടകര നഗരസഭ
ഖരമാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ നവകേരള പുരസ്‌ക്കാരം വടകര നഗരസഭയ്ക്ക് സമ്മാനിച്ചു. മുനിസിപ്പാലിറ്റി വിഭാഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനമാണ് വടകര നഗരസഭയ്ക്ക് ലഭിച്ചത്. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌ക്കാരം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രനിൽ നിന്ന് വടകര നഗരസഭ ചെയർപേഴ്സൺ കെ. പി ബിന്ദു ഏറ്റുവാങ്ങി. വടകര മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ വടകര നഗരസഭ ചെയർപേഴ്സൺ കെ. പി ബിന്ദു അധ്യക്ഷത വഹിച്ചു.
മുൻസിപ്പൽ വൈസ് ചെയർമാൻ കെ. പി. സതീശൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. കെ. വനജ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവ് കുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ. പി. പ്രജിത, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ബിജു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. പ്രകാശ്, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ മിനി. എം,
നഗരസഭ സെക്രട്ടറി മനോഹർ. കെ, ഹരിയാലി ഹരിതസഹായ സ്ഥാപനം ഡയറക്ടർ മണലിൽ മോഹനൻ എന്നിവർ സംസാരിച്ചു.
മാലിന്യ സംസ്കരണ രംഗത്ത് മാതൃക സൃഷ്ടിച്ച വടകര നഗരസഭ 2018 മുതൽ ക്ലീൻ സിറ്റി ഗ്രീൻ സിറ്റി സീറോ വേസ്റ്റ് വടകര പദ്ധതിപ്രകാരം സുസ്ഥിര മാലിന്യസംസ്കരണ പ്രവർത്തനങ്ങളുമായാണ് മുന്നോട്ടു പോയത്. നഗരസഭയിലെ 47 വാർഡുകളിലെ 18000 വീടുകൾക്കും ആറായിരത്തിലേറെ സ്ഥാപനങ്ങൾക്കും അജൈവ മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മുഴുവൻ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 60 ഹരിത കർമ്മ സേനാംഗങ്ങൾ അജൈവ മാലിന്യ ശേഖരണം നടത്തുന്നുണ്ട്.11041 വീടുകൾക്ക് ഉറവിട സംസ്കരണ സംവിധാന ഉപാധികൾ നൽകാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബാക്കിയുള്ള വീടുകൾക്കും ഈ സംവിധാനം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു. സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്കരണ സംവിധാനമുണ്ട്. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് എല്ലാ വാർഡുകളിലും ക്ലസ്റ്റർ അടിസ്ഥാനത്തിൽ പിന്തുണ സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്.
വാർഡുകളിൽ അജൈവ മാലിന്യ ശേഖരണത്തിന് മിനി എം. സി. എഫുകൾ സജ്ജമാണ്. ഇതിനു പുറമേ നഗര ഹൃദയഭാഗത്തായി 4500 ചതുരശ്ര അടി വിസ്തീർണത്തിൽ മെഷീൻ സൗകര്യങ്ങളോടുകൂടിയ MRF പ്രവർത്തിക്കുന്നു. അജൈവ മാലിന്യ ശേഖരണ യൂണിറ്റിന് പുറമേ ഹരിത കർമ്മ സേനയുടെ മറ്റ് സംരംഭക യൂണിറ്റുകളായി സഞ്ചി, ബാഗ് തുടങ്ങിയ ഹരിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന ഗ്രീൻ ഷോപ്പ്, റിപ്പയർ ആൻഡ് സ്വാപ്പ് ഷോപ്പ്, ഗ്രീൻ ആർമി, റെന്റ് ഷോപ്പ്, ക്ലീൻലിനസ് ഷോപ്പ്, ഗ്രീൻ ടെക്നോളജി സെന്റർ, തെളിമ അണു നശീകരണ യൂണിറ്റ്, മുനിസിപ്പൽ
പാർക്ക് ടൂറിസം സംരംഭക യൂണിറ്റ് എന്നിവ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ ഒരു ഹരിതകർമസേന ആദ്യമായി ഹരിത സഹായ സ്ഥാപനമായി മാറിയത് വടകര നഗര സഭയിലെ ഹരിയാലി ഹരിതകർമ സേനയാണ്.
ജൈവമാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി എട്ട് ഇടങ്ങളിലായി തുമ്പൂർമുഴി യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ശുചിത്വത്തോടുകൂടി പ്രവർത്തിക്കുന്ന പൊതു ശൗചാലയങ്ങളോടൊപ്പം ശുചിത്വമിഷൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ടേക്ക് എ ബ്രേക്ക് വഴിയിട വിശ്രമകേന്ദ്രവും നഗരസഭയിൽ പ്രവർത്തിക്കുന്നുണ്ട്. ദ്രവ മാലിന്യ സംസ്കരണ സംവിധാനത്തിനായി ഒരു ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള മലിനജല സംസ്കരണ പ്ലാന്റ് പ്രവർത്തിക്കുന്നുണ്ട്. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് വിവിധ പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുള്ള നഗരസഭയ്ക് പ്രഥമ ഹരിത കേരളം പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. ഹരിത കേരള മിഷന്റെയും ശുചിത്വ മിഷൻ്റെയും നിർദ്ദേശങ്ങളും പിന്തുണയും സ്വീകരിച്ചുകൊണ്ട് സമ്പൂർണ്ണ ശുചിത്വ നഗരസഭയായി ഒക്ടോബർ രണ്ടിന് പ്രഖ്യാപനം നടത്തുന്ന വടകര നഗരസഭയ്ക്ക് ലഭിച്ച മറ്റൊരു പൊൻതൂവലാണ് മുഖ്യമന്ത്രിയുടെ നവകേരള പുരസ്കാരം.