മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി
മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. യു.എ.ഇയിൽ നിന്ന് വന്ന 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളിൽ നിന്ന് ഇവിടെ എത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ജാഗ്രത പാലക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ആഫ്രിക്കയിലെ പല രാജ്യങ്ങളിലുൾപ്പെടെ എംപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലും സർവൈലൻസ് ശക്തമാക്കിയിരുന്നു. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയിരുന്നു.
2022ൽ എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനം സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജിയർ പുറത്തിറക്കിയിരുന്നു. അതനുസരിച്ചുള്ള ഐസൊലേഷൻ, സാമ്പിൾ കളക് ഷൻ, ചികിത്സ എന്നിവയെല്ലാം ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി അറിയിച്ചു.
എന്താണ് എംപോക്സ് ?
ആരംഭത്തിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്സ്. എന്നാൽ ഇപ്പോൾ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സ് ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്.
രോഗം പകരുന്നത് എങ്ങനെ
കോവിഡോ എച്ച്1 എൻ1 ഇൻഫ്ളുവൻസയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.
ലക്ഷണങ്ങൾ
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
പ്രതിരോധം
അസുഖബാധിതരായ ആൾക്കാരുമായി നിഷ്‌കർഷിച്ചിട്ടുള്ള സുരക്ഷാ മാർഗങ്ങൾ അവലംബിക്കാതെ അടുത്തിടപഴകുന്ന ആൾക്കാർക്കാണ് എംപോക്സ് ഉണ്ടാകുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുൻകരുതലുകൾ സ്വീകരിക്കണം.