നിപ പരിശോധനയ്ക്ക്‌ മൊബൈൽ ലാബും- മന്ത്രി വീണാ ജോർജ്

30ന് മരിച്ചയാളുടെ ഹൈ റിസ്‌ക് സമ്പർക്കപ്പട്ടികയിലുള്ള എല്ലാവർക്കും നിപ പരിശോധന

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് രോഗനിർണയത്തിന് വിന്യസിക്കുന്ന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ മൊബൈൽ ലാബിന്റെ ഫ്ലാഗ് ഓഫ് ആരോഗ്യ മന്ത്രി വീണാ ജോർജ്  തിരുവനന്തപുരത്ത്‌ നിർവഹിച്ചു. ബി.എസ്.എൽ. ലെവൽ 2 ലാബാണ് സജ്ജമാക്കിയിരിക്കുന്നത്.

മൊബൈൽ ലാബ് കൂടി സജ്ജമാക്കിയതോടെ  നിപ പരിശോധനകൾ വേഗത്തിൽ നടത്താൻ  സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കൽ, കോഴിക്കോട്, അലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിൽ നിപ പരിശോധന നടത്താനുള്ള സൗകര്യമുണ്ട്. ഇതുകൂടാതെയാണ് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ മൊബൈൽ ലാബിന്റെ സേവനം കൂടി ലഭ്യമാക്കുന്നത്. ഇതിന് സന്നദ്ധമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയെ നന്ദിയറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

ഒരേ സമയം 96 സാമ്പിളുകൾ വരെ പരിശോധിക്കാനുള്ള സംവിധാനം ഈ മൊബൈൽ ലാബിലുണ്ട്. മൂന്നു മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭ്യമാകും. വൈറൽ എക്സ്ട്രാക്ഷൻ, റിയൽ ടൈം പി.സി.ആർ. എന്നിവ ലാബിൽ ചെയ്യാൻ കഴിയും. ടെക്നിക്കൽ സ്റ്റാഫ്, ഇലക്ട്രിക്കൽ തുടങ്ങി അഞ്ച് പേരുടെ സംഘമാണ് ലാബിലുണ്ടാകുക. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ പ്രൊഫ. ചന്ദ്രബാസ് നാരായണ, ടീം അംഗങ്ങളായ ഡോ. രാധാകൃഷ്ണൻ നായർ, ഹീര പിള്ള, സനുഘോഷ്, കാർത്തിക, വിനീത എന്നിവർ ഫ്ലാഗ് ഓഫിൽ പങ്കെടുത്തു.

നിപ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. 30ന് മരിച്ചയാളുടെ ഹൈ റിസ്‌ക് സമ്പർക്കപ്പട്ടികയിലുള്ള എല്ലാവർക്കും നിപ വൈറസ് പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. സമ്പർക്ക പട്ടികയിലുള്ളവർ 21 ദിവസം ഐസൊലേഷനിൽ കഴിയണം. നിപ രോഗികളെ ചികിത്സിക്കുന്ന എല്ലാ ആശുപത്രികളിലും മെഡിക്കൽ ബോർഡ് രൂപീകരിക്കും. അവരുടെ ചികിത്സ ഈ മെഡിക്കൽ ബോർഡായിരിക്കും നിശ്ചയിക്കുകയെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *