പാത്രവും പൈസയുമായി വരൂ; പാൽ തരും ഈ എ.ടി.എം

പത്തോ ഇരുപതോ രൂപയ്ക്ക് പാൽ വേണോ? പാത്രവുമായി വന്ന് നോട്ട്  യന്ത്രത്തിലിട്ടാൽ മതി പാൽ പാത്രത്തിൽ നിറയും. പാൽ തരുന്ന എ.ടി.എം. ഇടുക്കിയിലെ മൂന്നാറിൽ പ്രവർത്തനം തുടങ്ങി. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യ മിൽക്ക്  വെൻഡിങ്ങ് മെഷീൻ ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

ദേവികുളം ബ്ലോക്കിലെ ലക്ഷ്‌മി ക്ഷീരസഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ മൂന്നാർ ടൗണിന്റെ ഹ്യദയഭാഗത്ത് ആരംഭിച്ച മിൽക്ക് എ.ടി.എം ഉപഭോക്താക്കളുടെ സമയവും സൗകര്യവും അനുസരിച്ച് ഏത് സമയത്തും പാൽ വാങ്ങുന്നതിന് സഹായിക്കുന്നു. മെഷീനിൽ നിക്ഷേപിക്കുന്ന തുകക്കനുസരിച്ച് 24 മണിക്കൂറും പാൽ ലഭിക്കും.10,20, 50,100 നോട്ടുകളിൽ ഏതെങ്കിലുമൊന്ന് യന്ത്രത്തിൽ നിക്ഷേപിച്ച് പാൽ വാങ്ങാം.

200ലിറ്റർ സംഭരണശേഷിയുള്ള മെഷീനാണ് ഇതിനായി സ്ഥാപിച്ചിരിക്കുന്നത്.1000 ലിറ്ററോളം പാൽ ഒരു ദിവസം ഇതുവഴി ഗുണഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. നാല് ലക്ഷത്തിലധികം രൂപ ചെലവഴിച്ച പദ്ധതിക്ക് ക്ഷീരവികസന വകുപ്പ് 120000 രൂപ ധനസഹായം നൽകി.

ദേവികുളം എം.എൽ.എ. അഡ്വ.എ.രാജ,  മച്ചിപ്ലാവ് ക്ഷീരസഹകരണ സംഘം പ്രസിഡണ്ട് പോൾ മാത്യു, കെ എസ്.എം. എസ്. എ. ജില്ലാ പ്രസിഡണ്ട് കെ പി. ബേബി, പാണ്ടിപ്പാറ ക്ഷീരസഹകരണ സംഘം പ്രസിഡണ്ട് സോണി ചൊള്ളാമഠം ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ശാലിനി ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *