കാസർകോടിൻ്റെ ആരോഗ്യ മേഖലയിൽ ഇത് ചരിത്ര നിമിഷം – മന്ത്രി
കാസർകോടിൻ്റെ ആരോഗ്യ മേഖലയ്ക്ക് ഇത് ചരിത്ര നിമിഷമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളേജിൽപുതിയതായി ആരംഭിച്ച എം.ബി.ബി.എസ് കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാസർകോട് എന്താ കേരളത്തിൽ അല്ലേ? ഇവിടെ എന്ന് മെഡിക്കൽ കോളജ് സാധ്യമാകും? കേരളത്തിലെ ആരോഗ്യ മേഖല ഇനി എങ്ങനെ മുന്നോട്ട്? തുടങ്ങി കാലങ്ങളായി കാസർകോട് നിന്ന് കേട്ട ചോദ്യങ്ങൾക്കും ആശങ്കകൾക്കും ഉള്ള ഉത്തരം കൂടിയാണ് ഈ മുഹൂർത്തമെന്ന് മന്ത്രി പറഞ്ഞു.
കാസർകോട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി നാല് മാസത്തിനുള്ളിൽ ആരംഭിക്കുമെന്നും സർക്കാർ മെഡിക്കൽ കോളേജിൽ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടി കേരളത്തിൽ ഏറ്റവും മികച്ച സ്പെഷ്യാലിറ്റി സെൻ്റർ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. സ്പെഷ്യാലിറ്റി സെൻ്ററിൽ ഫിസിയോ തെറാപ്പി, ഒക്കുപേഷണൽ തെറാപ്പി സൗകര്യങ്ങൾ കൂടി ഒരുക്കും.
കാസർകോട്, വയനാട് സർക്കാർ മെഡിക്കൽ കോളേജുകൾ കൂടി അനുവദിച്ചതോടെ മുഴുവൻ ജില്ലകളിലും മെഡിക്കൽ കോളേജുകളും നേഴ്സിങ് കോളേജുകളുമുള്ള സംസ്ഥാനം മാറിയെന്നും മന്ത്രി പറഞ്ഞു. നാഷണൽ മെഡിക്കൽ കമ്മിഷൻ അംഗീകാരം ലഭിക്കാൻ മാനദണ്ഡങ്ങൾ ഓരോന്നും പാലിച്ച് മുന്നേറുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. അത് നമുക്ക് സാധിച്ചു. ഇത് ഒരു കൂട്ടായ്മയുടെ വിജയമാണ്.2013ൽ സ്ഥലം കൈമാറി. കാസർകോട് 2016ൽ നിർമ്മാണം തുടങ്ങിയപ്പോൾ മുതൽ തുടങ്ങിയ പ്രവർത്തനത്തിൻ്റെ ഭാഗമായ മുഴുവൻ ആളുകളോടും മന്ത്രി നന്ദി പറഞ്ഞു.
മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ എം.പി ഉണ്ണിത്താൻ മുഖ്യാതിഥിയായി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കെ.വി.വിശ്വനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു.
എം.എൽ.എമാരായ സി.എച്ച് കുഞ്ഞമ്പു, എ.കെ.എം.അഷ്റഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാനവാസ് പദൂർ,
കെ.ഡി.പി സ്പെഷ്യൽ ഓഫീസർ വി. ചന്ദ്രൻ, ബദിയടുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ബാസ്, എൻമകജെ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്. സോമശേഖര, മെഡിക്കൽ കോളേജ് സൂപ്പ്രണ്ട് ആർ. പ്രവീൺ എന്നിവർ പങ്കെടുത്തു ജില്ലാ കളക്ടർ കെ. ഇമ്പശേഖർ സ്വാഗതവും ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പി.എസ്. ഇന്ദു നന്ദിയും പറഞ്ഞു.




















