കോട്ടയം മെഡി.കോളേജിലെ ആദ്യ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം
കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആദ്യമായി നടന്ന കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് മന്ത്രി വീണാ ജോർജ് ഫേസ് ബുക്ക് പോസ്റ്റിൽ അറിയിച്ചു.
ശസ്ത്രകിയ കഴിഞ്ഞ തൃശ്ശൂർ സ്വദേശി സുബീഷിനെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തു. സുബീഷിനേയും കരള്‍ പകുത്ത് നല്‍കിയ ഭാര്യ പ്രവിജയേയും കോട്ടയം മെഡിക്കല്‍ കോളേജിലെത്തി നേരിട്ട് കണ്ട് സന്തോഷം പങ്കുവെച്ചതായും മന്ത്രി അറിയിച്ചു.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഡോ.കെ.പി. ജയകുമാർ, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ.സിന്ധു എന്നിവരുമായും മറ്റ് ടീം അംഗങ്ങളുമായും മന്ത്രി സംസാരിച്ചു.
അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ആദ്യമായി സര്‍ക്കാര്‍ മേഖലയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചിരിക്കുകയാണ്. ഇത് ആരോഗ്യ മേഖലയുടെ വലിയൊരു നേട്ടം കൂടിയാണെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നവര്‍ ധാരാളമുണ്ട്. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വ്യക്തിയെ സംബന്ധിച്ച് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇതിനു പരിഹാരം കാണാനാണ് സര്‍ക്കാര്‍ മേഖലയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉടന്‍ ആരംഭിക്കുന്നതാണ്. കോഴിക്കോട്ടും കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു – മന്ത്രി പറഞ്ഞു.