കോന്നി മെഡി. കോളേജില്‍ ആദ്യ ബാച്ചിന്റെ പ്രവേശനോത്സവം
പി.ജി കോഴ്‌സ് തുടങ്ങാൻ നടപടി സ്വീകരിക്കും – മന്ത്രി വീണാ ജോര്‍ജ്
കോന്നി ഗവ. മെഡിക്കല്‍ കോളേജില്‍ പി. ജി. കോഴ്‌സ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി ഗവ. മെഡിക്കല്‍ കോളേജിലെ ആദ്യ ബാച്ച് എം.ബി.ബി.എസ്. വിദ്യാര്‍ഥികളുടെ പ്രവേശനോത്സവത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ആദ്യ ബാച്ചിന്റെ പ്രവേശനോത്സവം വിദ്യാര്‍ഥികളുടെയും നാടിന്റെയും സ്വപ്ന സാഫല്യമാണ്. ഈ വര്‍ഷം എം.ബി.ബി.എസ്. ക്ലാസ്സ്
ആരംഭിക്കുന്നതിലൂടെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളേജിനെ പോസ്റ്റ് ഗ്രാജുവേഷന്‍ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കും. ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തന ഫലമായാണ് നാടിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ എന്നതിനപ്പുറം സാമൂഹ്യ സേവനമാണ് ആരോഗ്യരംഗമെന്നും മന്ത്രി വിദ്യാര്‍ഥികളോട് പറഞ്ഞു.
വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രവേശനോത്സവത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ. പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥികള്‍ക്കായി അത്യാധുനിക ഉപകരണങ്ങള്‍ ആണ് എത്തിച്ചിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ച അവസ്ഥയില്‍ നിന്നാണ് കോന്നി മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമായതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മുഖ്യപ്രഭാഷണം നടത്തി. കോന്നി ഗവ. മെഡിക്കല്‍ കോളേജ് എം.ബി.ബി.എസ് ആദ്യ ബാച്ചില്‍ പ്രവേശനം നേടിയ 79 വിദ്യാര്‍ഥികളെ ആശുപത്രി കവാടത്തില്‍ മന്ത്രിയും എം.എല്‍.എ. യും കളക്ടറും അടങ്ങുന്ന സംഘം സ്വീകരിച്ചു. ഇനി രണ്ട് അലോട്‌മെന്റുകള്‍ കൂടി നടക്കാനുണ്ട്. കോന്നി മെഡിക്കല്‍ കോളേജില്‍ 100 സീറ്റാണ് അനുവദിച്ചത്.