ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഉണര്‍വ് പകരും- മന്ത്രി 

കേരളത്തിലെ പൊതുജന ആരോഗ്യത്തിന് വലിയ ഉണര്‍വ് പകരുന്നതാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളെന്നും സമഗ്രമായ പ്രാഥമിക ആരോഗ്യ പരിരക്ഷ താഴെത്തട്ടില്‍ വരെ എത്തിക്കുകയെന്നതാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യമെന്നും തുറമുഖ – മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. തൃശ്ശൂർ എങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ  ആയിരംകണ്ണി ജനകീയാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

അടിസ്ഥാന ജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട വിഭാഗങ്ങളിലേക്ക് കൂടി മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ നാം ഉദ്ദേശിക്കുന്ന നേട്ടം പൂര്‍ണ്ണമായി കൈവരിക്കാനാവൂ എന്നും മന്ത്രി പറഞ്ഞു. എന്‍.കെ അക്ബര്‍ എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം ചെലവഴിച്ചാണ് കുടുംബാരോഗ്യ കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് ചികിത്സാ മുറികള്‍, വിശ്രമസ്ഥലം, രണ്ട് ബാത്റൂമുകള്‍ ഉള്‍പ്പെടെ 840 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് ആരോഗ്യ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്.

ആരോഗ്യ കേന്ദ്രം  നിര്‍മ്മിക്കാനായി സൗജന്യമായി 10 സെന്റ് ഭൂമി വിട്ടു നല്‍കിയ എരണേഴത്ത് വീട്ടില്‍ വിനോദിനെയും കുടുംബത്തേയും ചടങ്ങില്‍ മന്ത്രി ആദരിച്ചു. മാതാപിതാക്കളായ പത്മനാഭന്‍-നാരായണി ദമ്പതികളുടെ സ്മരണാര്‍ത്ഥമാണ് വിനോദ് സൗജന്യമായി പഞ്ചായത്തിന് ഭൂമി വിട്ടു നല്‍കിയത്. എന്‍ കെ അക്ബര്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷനായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ്, തൃശൂര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം.അഹമദ്, ഡി.എം.ഒ ഡോ.ടി പി ശ്രീദേവി, ഡി.പി.എം ഡോ.ടി.വി റോഷ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി.

Leave a Reply

Your email address will not be published. Required fields are marked *