എലിപ്പനിക്കെതിരെ ‘മൃത്യുഞ്ജയം’ കാമ്പയിൻ തുടങ്ങി

സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ആരോഗ്യ വകുപ്പ് ‘മൃത്യുഞ്ജയം’ എന്ന പേരില്‍ കാമ്പയിന്‍ ആരംഭിച്ചു. കാമ്പയിന്റെ ഉദ്ഘാടനവും പോസ്റ്റര്‍ പ്രകാശനവും ആരോഗ്യ മന്ത്രി വീണാ ജോർജ് നിര്‍വഹിച്ചു.

എലിപ്പനിക്കെതിരെ ബോധവത്ക്കരണത്തിനും ജാഗ്രതയ്ക്കും വേണ്ടിയാണ് കാമ്പയിന്‍. വീട്ടില്‍ ചെടിവെച്ചു പിടിപ്പിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള മണ്ണുമായും, മലിനജലവുമായും സമ്പര്‍ക്കമുള്ള എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. ഡോക്‌സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

പകര്‍ച്ചവ്യാധികള്‍ക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് ആരോഗ്യ വകുപ്പ് ശുചീകരണ യജ്ഞം നടത്തി വരികയാണ്. വീടുകളില്‍ എല്ലാ ഞായറാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കണം. സ്‌കൂളുകളില്‍ വെള്ളിയാഴ്ചകളിലും സ്ഥാപനങ്ങളില്‍ ശനിയാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കണം. വീടും സ്ഥാപനവും പരിസരവും ശുചിയാക്കണം. കൊതുകുജന്യ, ജന്തുജന്യ, ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്.

എലിപ്പനി ഏറെ അപകടം

രോഗാണുവാഹകരായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം എന്നിവ കലര്‍ന്ന വെള്ളവുമായോ മണ്ണുമായോ സമ്പര്‍ക്കം വരുന്നവര്‍ക്കാണ് ഈ രോഗം പകരുന്നത്. പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയും പനിയോടൊപ്പം ചിലപ്പോള്‍ വിറയലും ഉണ്ടാവാം.

കഠിനമായ തലവേദന, പേശീവേദന, കാല്‍മുട്ടിന് താഴെയുള്ള വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം.

പ്രതിരോധ മാര്‍ഗങ്ങള്‍

> മലിനജലവുമായും മണ്ണുമായും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും ശുചീകരണ തൊഴിലാളികളും വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരും വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകള്‍, മാസ്‌ക് എന്നിവ ഉപയോഗിക്കുക.
> കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്. വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്.
> മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ട് ഗുളിക കഴിക്കേണ്ടതാണ്. )
> എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയോ ചികിത്സ തേടുകയോ ചെയ്യേണ്ടതാണ്. യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *