ഈ പുഞ്ചിരിയിലാണ് എന്റെ രോഗം അലിഞ്ഞലിഞ്ഞ് ഇല്ലാതായത്
രജീന്ദ്രകുമാര്‍
ഡോക്ടറുടെ ഈ പുഞ്ചിരിയിലാണ് എന്റെ രോഗം അലിഞ്ഞലിഞ്ഞ് ഇല്ലാതായത് ! സത്യമാണ്. ആ കൺകോണുകളിൽ ഒളിച്ചിരിക്കുന്ന മന്ദസ്മിതവും പതിഞ്ഞ ശബ്ദവും എനിക്ക് മരുന്നായിരുന്നു !
ഒന്നര വർഷം മുമ്പാണ് ഞാന്‍ കോഴിക്കോട്ടെ എം.വി.ആർ കാൻസർ സെന്ററിലെ ഡോക്ടർ സന്തോഷ് കുമാറിന്റെ മുന്നിലെത്തുന്നത്. കോവിഡ് നാടിനെ പിടിമുറുക്കിത്തുടങ്ങിയ സമയം.
അതിനിടയിൽ അപ്രതീക്ഷിതമായി പിടികൂടിയ കാൻസർ. ആദ്യം സന്ദർശിച്ച ചില ഡോക്ടർമാരുടെ ‘സമീപനം'(കൃത്യമായ പദപ്രയോഗമാണോ എന്നറിയില്ല) തീർത്തും നിരാശാജനകമായിരുന്നു. എനിക്ക് തോന്നിയിട്ടുണ്ട്, എത്ര വലിയ രോഗമാണെങ്കിലും അത് രോഗിയെ പറഞ്ഞ് മനസ്സിലാക്കിക്കുന്നതും മെഡിക്കൽ പഠനത്തിലെ പ്രധാന പാഠ്യഭാഗമാക്കേണ്ടിയിരിക്കുന്നു.
ഇവിടെയാണ് ഡോക്ടർ സന്തോഷ് ഏറെ വ്യത്യസ്ഥനായത്. ഓ! ഇതൊക്കെ എന്ത് ! എന്ന് പുഞ്ചിരിയോടെ പറയുമ്പോൾ മൂടിവെച്ച കാർമേഘങ്ങളെല്ലാം പെയ്ത് ഒഴിഞ്ഞതു പോലെ! സർജറിയും
റേഡിയേഷനുമെല്ലാം പോയതറിഞ്ഞില്ല എന്നതാണ് വാസ്തവം. അതിനിടയിലാണ് എന്നിലെ കാർട്ടൂണിസ്റ്റിനെ ഡോക്ടർ ‘പരിചയപ്പെട്ടത്’. കാർട്ടൂൺ വരയും എനിക്ക് ഒരു മരുന്നാണെന്ന് ഡോക്ടർക്കും തോന്നിക്കാണും.
ഒരുപാട് അന്തർദേശീയ മത്സരങ്ങളിൽ വിജയിക്കാനും, പന്ത്രണ്ടോ പതിമൂന്നോ രാജ്യങ്ങളിലെ പ്രദർശനങ്ങളിൽ കാർട്ടൂണുകള്‍
എത്തിക്കാനും കഴിഞ്ഞത് ഈ കാലയളവിലാണ്. ഡോ. സന്തോഷ് കുമാറിന്റെ എഴുത്തിനെക്കുറിച്ച് പറയാതെ ഇത് പൂർണ്ണമാവില്ല.
പ്രതിഭാശാലിയായ എഴുത്തുകാരൻ. ഫേസ്ബുക്കിലെ കുറിപ്പുകളാണ് ആദ്യം വായിച്ചു തുടങ്ങിയത്. സ്നേഹം, സന്തോഷം, നർമ്മം….എല്ലാം അതിൽ സമർത്ഥമായി സന്നിവേശിപ്പിച്ചിട്ടുണ്ട്.
സത്യൻ അന്തിക്കാട് – ശ്രീനിവാസൻ സിനിമ പോലെ! ശ്രീനിവാസന്റെ നർമ്മത്തിൽ പൊതിഞ്ഞ മൂർച്ച ഡോക്ടറുടെ പല എഴുത്തുകളിലും കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ പുസ്തകവും പുറത്തു വന്നിരിക്കുന്നു. ‘ഇരുവഴിഞ്ഞിപ്പുഴയുടെ കരയിൽ ‘.
പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പറഞ്ഞത്, ഇത് ഒററയിരിപ്പിൽ വായിക്കാവുന്ന പുസ്തകമല്ല എന്നാണ്.
വായനയിലൂടെ നമ്മെ എവിടെയൊക്കെയോ കൊണ്ടുപോകുന്ന പുസ്തകം. ബാല്യവും കൗമാരവും, സിനിമയും മരുന്നും പ്രേമവും അതിലുണ്ട്.
പുസ്തക പ്രകാശനവേളയിൽ അദ്ദേഹത്തിന്റെ ആദ്യകാല ടീച്ചർ പറഞ്ഞത് കുറിച്ചുകൊണ്ട് ഈ കുറിപ്പ് നിർത്താം. ‘സന്തോഷുമാർ ‘ക്ലാസ്സിലും സ്കൂളിലും ഏറെയുണ്ട്. ഏത് സന്തോഷാണ് ? ആ ചിരിക്കുന്ന സന്തോഷാണോ എന്ന് ചോദിക്കുമായിരുന്നത്രെ! അതെ ഡോക്ടർ ഈ പുഞ്ചിരി എന്നും മരുന്നായി ഉണ്ടാവട്ടെ. ആതുര ശുശ്രൂഷാ രംഗത്തും, എഴുത്തിലും കൂടുതൽ കൂടുതൽ തിളങ്ങട്ടെ (കാർട്ടൂണിസ്റ്റായ ലേഖകൻ മാതൃഭൂമി കോഴിക്കോട് യൂനിറ്റിലെ പരസ്യ വിഭാഗത്തിൽ ജീവനക്കാരനാണ്.)
Let us hope and pray that we have more doctors like him in our society….
“You are not dressed well unless you wear a smile”
Ofcourse there are concrete faces among our doctors.