പക്ഷിപ്പനി: കരുവാറ്റയിൽ താറാവുകളെ കൊന്ന് നശിപ്പിച്ചു
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിലെ താറാവുകളെ കൊന്ന് നശിപ്പിച്ചു. കരുവാറ്റയിലെ തോട്ടുകടവിൽ ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള താറാവുകളെയും ഒന്നാം വാർഡിലെ
പാടശേഖരങ്ങളിലുള്ള പക്ഷികളെയുമാണ് കൊന്ന് നശിപ്പിപ്പിച്ചത്. 8500 താറാവുകളെയാണ് കൊന്നൊടുക്കിയത്.
പി.പി.ഇ. കിറ്റ് ധരിച്ച് വെറ്റിനറി ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് കേന്ദ്ര മാനദണ്ഡ പ്രകാരമാണ് കള്ളിംഗ് നടത്തുന്നത്. പക്ഷികളെ കൊന്ന ശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളിൽ കത്തിച്ച് കളയുകയാണ് കളളിംഗ് പ്രവർത്തനത്തിലൂടെ ചെയ്യുന്നത്. കത്തിക്കൽ പൂർത്തിയായതിന് ശേഷം പ്രത്യേക സംഘമെത്തി സാനിറ്റേഷൻ നടപടികൾ സ്വീകരിക്കും.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി.എസ്. ബിന്ദു കള്ളിംഗ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കള്ളിംഗ് പൂർത്തിയായതിനു ശേഷവും ഈ പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റയും നിരീക്ഷണം ശക്തമാക്കും.
കേന്ദ്രസംഘം പക്ഷിപ്പനി ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു
പക്ഷിപ്പനി ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിന് നിയോഗിക്കപ്പെട്ട പ്രത്യേക കേന്ദ്ര സംഘം ആലപ്പുഴ ജില്ലയിലെ പക്ഷിപ്പനി ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസിലെത്തിയ സംഘം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി.എസ്.ബിന്ദു, ഡോ. ബി സന്തോഷ് കുമാര്‍ എന്നിവരുമായും ചർച്ച നടത്തി.
ഡോ. അധിരാജ് മിശ്ര (അസി. കമ്മീഷണര്‍, ഡി.എ.ഡി.എഫ്., ന്യൂ ഡെല്‍ഹി), ഡോ. മുഹമ്മദ് മുദസ്സര്‍ ചന്ദ (സീനിയര്‍ സയന്റിസ്റ്റ്, ഐ.സി.എ.ആര്‍., ബാംഗ്ലൂര്‍), ഡോ. ചക്രാധര്‍ ടോഷ് (പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, നിഹ്‌സാദ്, ഭോപ്പാല്‍), ഡോ. പ്രവീണ്‍ പുന്നൂസ് (അസി. ഡയറക്ടര്‍ എ.ഡി.ഡി.എല്‍., തിരുവല്ല), ഡോ. സഞ്ജയ് സിയാദ് പാലോട് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.