തിരുവനന്തപുരം എസ്.എ.ടി.യില്‍ കുട്ടികളുടെ തീവ്രപരിചരണ വിഭാഗം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ കുട്ടികളുടെ തീവ്രപരിചരണത്തിനായി ആധുനിക തീവ്രപരിചരണ വിഭാഗം സജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. 24 ഐ.സി.യു കിടക്കകളും എട്ട് ഹൈ ഡിപ്പന്റന്‍സി യൂണിറ്റ് കിടക്കകളും ഉള്‍പ്പെടെ 32 ഐ.സി.യു കിടക്കകളാണ് പീഡിയാട്രിക് വിഭാഗത്തില്‍ സജ്ജമാക്കിയിരിക്കുന്നത്.

10 വെന്റിലേറ്ററുകള്‍, ആറ് നോണ്‍ ഇന്‍വേസീവ് ബൈപ്പാസ്‌
വെന്റിലേറ്ററുകള്‍, രണ്ട് പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് മെഷീന്‍, മൂന്ന് ഡിഫിബ്രിലേറ്ററുകള്‍,12 മള്‍ട്ടിപാര മോണിറ്ററുകള്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 98 ലക്ഷം രൂപ ചെലവിലാണ് ഈ ഐ.സി.യു. സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

നിലവില്‍ 18 കിടക്കകളുള്ള അത്യാധുനിക ഉപകരണങ്ങളോടു കൂടിയ പീഡിയാട്രിക് ഐ.സി.യുവാണുള്ളത്. ഇതു കൂടാതെയാണ് പുതുതായി 32 കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു. സജ്ജമായത്. ഇതോടെ 50 പീഡിയാട്രിക് ഐ.സി.യു കിടക്കകളാണ് എസ്.എ.ടി. ആശുപത്രിക്ക് സ്വന്തമാകുന്നത്. ഇതുകൂടാതെ നവജാതശിശു വിഭാഗത്തില്‍ 54 ഐസിയു കിടക്കകളുമുണ്ട്.

നെഗറ്റീവ് പ്രഷര്‍ സംവിധാനവും പുതിയ ഐ.സി.യു.വിലുണ്ട്. കോവിഡ് പോലെയുള്ള പകര്‍ച്ചവ്യാധികള്‍ വെല്ലുവിളിയാകുന്ന ഈ കാലഘട്ടത്തില്‍ നെഗറ്റീവ് പ്രഷര്‍ സംവിധാനമുള്ള തീവ്രപരിചരണ വിഭാഗം രോഗീ പരിചരണത്തില്‍ ഏറെ സഹായിക്കും.