ആരോഗ്യ സ്ഥാപനങ്ങളില്‍ 20 മുതൽ ശുചിത്വ വാരാചരണം

ആരോഗ്യ ജാഗ്രത കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളില്‍ മേയ് 20 മുതൽ ശുചിത്വ വാരാചരണം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

അപ്രതീക്ഷിതമായി മഴ തുടരുന്നതിനാല്‍ പകര്‍ച്ചവ്യാധിക്ക് സാധ്യതയുണ്ട്. അതിനാല്‍ കാലവര്‍ഷം ആരംഭിക്കുന്നതിനു മുമ്പു തന്നെ ആശുപത്രികളും പരിസരവും ശുചിത്വം ഉറപ്പു വരുത്താനാണ് വാരാചരണം നടത്തുന്നത്. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ശുചീകരണം ഉറപ്പു വരുത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

പ്രതിദിനം പ്രതിരോധം സൃഷ്ടിക്കുക എന്നതാണ് ഈ ക്യാമ്പയിനിന്റെ മുദ്രാവാക്യം. മഴ തുടരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തില്‍ എലിപ്പനിയ്‌ക്കെതിരെ ‘മൃത്യുഞ്ജയം’ എന്ന പേരില്‍ കാമ്പയിന്‍ ആരംഭിച്ചിരുന്നു. മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടാതെ കുടിവെള്ള ശുചിത്വവും ഈ സമയത്ത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.

വയറിളക്ക രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണവും നടത്തേണ്ടതാണ്. കുട്ടികളുടെ ആരോഗ്യ സംരക്ഷണം ഈ സമയം വളരെ പ്രധാനമാണ്. വാര്‍ഡ് തല സമിതികള്‍, ആരോഗ്യജാഗ്രത പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, യുവജനങ്ങള്‍ തുടങ്ങി എല്ലാവരും ഒരുപോലെ ഈ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ശ്രമിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *