ഐസൊലേഷന്‍ വാര്‍ഡുകൾ സമയബന്ധിതമായി പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി
എല്ലാ മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ച ഐസോലേഷന്‍ വാര്‍ഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പുതിയറ എസ്.കെ പൊറ്റക്കാട് ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാനത്തെ 10 ഐസോലേഷന്‍ വാര്‍ഡുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
അപ്രതീക്ഷിതമായി വരുന്ന പകര്‍ച്ചവ്യാധികളെ കരുതലോടെ നേരിടുക, വ്യാപനമില്ലാതെ ചികിത്സിക്കുക എന്നതാണ് ഐസൊലേഷന്‍ വാര്‍ഡുകളുടെ ലക്ഷ്യം. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഐസൊലേഷന്‍ വാര്‍ഡ് വേണമെന്ന ചിന്തയില്‍ നിന്നാണ് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഇവ ഒരുക്കാന്‍ തീരുമാനിച്ചത്. ഇതിന് എം.എല്‍.എമാര്‍ പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുള്ളത്. ബാക്കി വരുന്ന ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. പകര്‍ച്ചവ്യാധി പ്രതിരോധത്തിനു പുറമേ മറ്റ് ആരോഗ്യസേവനങ്ങള്‍ക്കും ഐസൊലേഷന്‍ വാര്‍ഡുകള്‍ ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2023 ജനുവരി അവസാനത്തോടെ കേരളത്തില്‍ 75 ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചടങ്ങിന്റെ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. നിലവില്‍ സംസ്ഥാനത്ത് മുപ്പത് ഐസൊലേഷന്‍ വാര്‍ഡുകളുടെ പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. കേരളത്തില്‍ 484 സ്ഥാപനങ്ങള്‍ വഴി ഇ-ഹെല്‍ത്തിലൂടെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്.
ലോകത്തിന്റെ ഏത് കോണില്‍ നിന്നും ഓണ്‍ലൈനായി ഒ.പി ടിക്കറ്റെടുത്ത് പരിശോധനക്ക് വരാന്‍ സാധിക്കും. ലാബ് ടെസ്റ്റുകളുടെ റിസള്‍ട്ടുകള്‍ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന സംവിധാനവും ഇ-ഹെല്‍ത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സര്‍ക്കാറിന്റെ കാലത്ത് മാത്രം 255 സ്ഥാപനങ്ങളിലാണ് ഇ-ഹെല്‍ത്ത് സൗകര്യം ഏര്‍പ്പെടുത്തിയത്. 2023 മാര്‍ച്ച് മാസത്തോടെ 600 സ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ്, മേയര്‍ ഡോ. ബീനാ ഫിലിപ്പ്, എം.കെ രാഘവന്‍ എം.പി, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. എസ് ജയശ്രീ, വാര്‍ഡ് കൗണ്‍സിലര്‍ റനീഷ്.ടി, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, ഡി.എച്ച്.എസ് ഡോ. മീനാക്ഷി വി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉമ്മര്‍ ഫാറൂഖ്, കെ.എം.എസ്.സി.എല്‍ എം.ഡി ഡോ. ചിത്ര എസ്, കെ.എം.എസ്.സി.എല്‍ ജനറല്‍ മാനേജര്‍ ഡോ.എ.ഷിബുലാല്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍. എ. എന്നിവര്‍ പങ്കെടുത്തു.