എറണാകുളം ജനറൽ അശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ

ആരോഗ്യ മേഖലയ്ക്ക് അഭിമാനമായി എറണാകുളം ജനറല്‍ ആശുപത്രി. ഇന്ത്യയില്‍ ആദ്യമായി ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടത്തി. ഇതുവരെ മെഡിക്കൽ കോളേജിൽ മാത്രമാണ് ഈ ശസ്ത്രകിയ നടത്തിയിരുന്നത്. ഹൃദയ ശസ്ത്രക്രിയ നടന്ന എറണാകുളം ജനറല്‍ ആശുപത്രി ആരോഗ്യ മന്ത്രി വീണാ ജോർജ് സന്ദര്‍ശിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറാണ് ആദ്യത്തെ ബൈപാസ് സര്‍ജറിക്ക് നേതൃത്വം നല്‍കിയത്. ഡോക്ടര്‍മാരേയും മറ്റെല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു

രാജ്യത്ത് മെഡിക്കല്‍ കോളേജുകളില്‍ മാത്രമുള്ള ഹൃദയ ശസ്ത്രക്രിയാ സൗകര്യം ജില്ലാതല ആശുപത്രിയിലും യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമെ സംസ്ഥാനത്തെ ജില്ലാ, ജനറല്‍ ആശുപത്രികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ ആശുപത്രികളില്‍

സ്‌പെഷ്യാലിറ്റി സൗകര്യങ്ങളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളും ഒരുക്കി വരികയാണ്. ഇതിലൂടെ സാധാരണക്കാര്‍ക്കും അത്യാധുനിക ചികിത്സ തൊട്ടടുത്ത് ലഭ്യമാകും. ഇതിന്റെ തുടര്‍ച്ചയായാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാര്‍ഡിയാക് വിഭാഗം ശക്തിപ്പെടുത്തിയതെന്നും മന്ത്രി അറിയിച്ചു.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയായ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ബ്ലോക്കിലാണ് കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത്. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നിവയ്ക്ക് പുറമേയാണ് ബൈപ്പാസ് ശസ്ത്രക്രിയയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചത്. ഹൃദ്രോഗ ശസ്ത്രക്രിയ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ബൈപാസ് ശസ്ത്രക്രിയ കൂടാതെ വാല്‍വ് മാറ്റിവെക്കല്‍, ജന്മനാലുള്ള ഹൃദയ തകരാറുകള്‍, ശ്വാസകോശ രോഗങ്ങള്‍ മുതലായവ പരിഹരിക്കുന്നതിന് ജനറല്‍ ആശുപത്രി സജ്ജമാകുമെന്ന് മന്ത്രി അറിയിച്ചു.