ആന്റിബയോട്ടിക്ക് ഉപയോഗത്തിൽ 20-30 ശതമാനം വരെ കുറവ് വന്നു- മന്ത്രി വീണാ ജോർജ്
ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളുടെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവ് വന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇത്രയും ശതമാനം ആന്റിബയോട്ടിക്കുകൾ ആവശ്യമില്ലാതെ കഴിച്ചിരുന്നത് നിർത്തലാക്കാൻ ഒരു വർഷത്തിനുള്ളിൽ സാധിച്ചു.
മെഡിക്കൽ സ്റ്റോറുകൾ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിച്ചു. ജനങ്ങൾക്ക് അത് വിളിച്ചറിയിക്കാവുന്ന ടോൾ ഫ്രീ നമ്പർ നൽകുകയും അവബോധം ശക്തമാക്കുകയും ചെയ്തു. എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അമിതവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വട്ടിയൂർക്കാവ് യു.പി.എച്ച്.സി.യിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
എ.എം.ആർ (ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്) വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള എ.എം.ആർ അവബോധ പരിപാടികൾ നടത്തി വരുന്നു. ആന്റിബയോട്ടിക് സാക്ഷരതയിൽ ഏറ്റവും പ്രധാനമാണ് അവബോധം. സാധാരണക്കാരിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് വീടുകളിലെത്തി ബോധവത്ക്കരണം നൽകുന്നത്. ആരോഗ്യ പ്രവർത്തകർക്കൊപ്പം മന്ത്രി വീണാ ജോർജും പങ്കു ചേർന്നു. വട്ടിയൂർക്കാവ് പ്രദേശത്തെ വീടുകളിൽ മന്ത്രി നേരിട്ടെത്തിയാണ് അവബോധം നൽകിയത്.
ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകൾ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ഇതുൾക്കൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് രാജ്യത്തിന് മാതൃകയായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. അതിന്റെ തുടർച്ചയായാണ് ഈ ബോധവത്ക്കരണവും.
വി.കെ. പ്രശാന്ത് എംഎൽഎ, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. നന്ദകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ, എന്നിവർ മന്ത്രിയോടൊപ്പം വീടുകളിലെത്തി ബോധവത്ക്കരണത്തിൽ പങ്കാളികളായി.
പോരാട്ടത്തിൽ പങ്കാളികളാകാം
1. മിക്ക അണുബാധകളും വൈറസ് മൂലമാണ് ഉണ്ടാകുന്നത്. അതിനാൽ ഇവയ്ക്കെതിരെ ആന്റിബയോട്ടിക്കുകൾ ഫലപ്രദമല്ല.
2. ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാവു.
3. ഒരിക്കലും ആന്റിബയോട്ടിക്കുകൾ ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ വാങ്ങി കഴിക്കുകയോ ചെയ്യരുത്.
4. ചികിത്സ കഴിഞ്ഞ് ശേഷിക്കുന്ന ആന്റിബയോട്ടിക്കുകൾ ഒരിക്കലും ഉപയോഗിക്കരുത്.
5. ശേഷിക്കുന്നതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകൾ കരയിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.
6. രോഗശമനം തോന്നിയാൽ പോലും ഡോക്ടർ നിർദ്ദേശിച്ച കാലയളവിലേക്ക് ആന്റിബയോട്ടിക് ചികിത്സ പൂർത്തിയാക്കണം.
7. ആന്റിബയോട്ടിക്കുകൾ ഒരിക്കലും മറ്റുള്ളവരുമായി പങ്കിടാൻ പാടില്ല.
8. അണുബാധ തടയുന്നതിന് പതിവായി കൈകൾ കഴുകുക.
9. രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക.
10. പ്രതിരോധ കുത്തിവയ്പുകൾ കാലാനുസൃതമായി എടുക്കുക