ഫരീദാബാദ് അമൃത ഹോസ്പിറ്റൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ഫരീദാബാദിലെ അമൃത ഹോസ്പിറ്റൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഹരിയാണ ഗവർണ്ണര്‍ ബന്ദാരു ദത്താത്രേയ, ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ, ഉപമുഖ്യമന്ത്രി മനോഹർ ലാൽ എന്നിവരുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമൃതാനന്ദമയിയും ചേർന്ന് ദീപം തെളിയിച്ചു.
അമൃത ഹോസ്പിറ്റലിലെ പ്രകാശ ഗോപുരത്തിൻ്റെ ഉദ്ഘാടനവും നടന്നു. ഡൽഹി-ഹരിയാണ അതിർത്തിയായ ഫരീദാബാദിലെ സെക്ടർ 88 ലാണ് ആസ്പത്രി. മാതാ അമൃതാനന്ദമയി മഠത്തിൻ്റെ നേതൃത്വത്തിൽ കൊച്ചിയിൽ ആരംഭിച്ച അമൃത ഹോസ്പിറ്റൽ 25 വർഷം പിന്നിടുന്ന വേളയിലാണ് ഫരീദാബാദിൽ ആസ്പത്രി പ്രവർത്തനം ആരംഭിക്കുന്നത്. പൂർണ്ണമായും പ്രവർത്തന സജ്ജമാകുമ്പോൾ
2600 കിടക്കകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയായി ഇത് മാറും.14 നിലകളിലായി ഒരു കോടി ചതുരശ്ര അടി സൗകര്യം ഇവിടെയുണ്ട്.
ഓങ്കോളജി, കാർഡിയാക് സയൻസസ്, ന്യൂറോ സയൻസസ്, ഗ്യാസ്ട്രോ സയൻസസ്, ബോൺ ഡിസീസ് ആൻ്റ് ട്രോമ, ട്രാൻസ്പ്ലാൻറ്സ്, മാതൃ- ചൈൽഡ് കെയർ എന്നിങ്ങനെ ഏഴ് മികവിന്റെ കേന്ദ്രങ്ങൾ ഉൾപ്പെടെ 81 സ്പെഷ്യാലിറ്റികൾ, 534 ക്രിട്ടിക്കൽ കെയർ ബെഡ്ഡുകൾ എന്നിവ ഇവിടെയുണ്ട്. പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിനുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സൗകര്യവും ആശുപത്രിയിലുണ്ടാകും.
മെഡിക്കൽ കോളേജും ഇന്ത്യയിലെ ഏറ്റവും വലിയ ഹെൽത്ത് സയൻസസ് കാമ്പസും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അത്യാധുനിക റോബോട്ടിക്സ്, ഹാപ്റ്റിക്, സർജിക്കൽ-മെഡിക്കൽ സിമുലേഷൻ സെന്റർ എന്നിവ ഇതിൽ ഉണ്ടാകും. നാല് നിലകളിലായി 1.5 ലക്ഷം ചതുരശ്ര അടി സൗകര്യമുള്ള കെട്ടിടമാണിത്. അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദ പുരി, അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ സ്വാമി നിജാമൃതാനന്ദ പുരി എന്നിവരുടെ സാന്നിധ്യത്തിൽ റസിഡന്റ് മെഡിക്കൽ ഡയറക്ടർ ഡോ. സഞ്ജീവ് സിങ്
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കാമ്പസിലെ സൗകര്യങ്ങൾ വിവരിച്ചു കൊടുത്തു. കാമ്പസിൽ സ്ഥാപിച്ച മഹർഷി ശുശ്രുതന്റെ 18 അടി പ്രതിമ മാതാ അമൃതാനന്ദമയി അനാച്ഛാദനം ചെയ്തു. ശില്പി തിരുവനന്തപുരത്തെ അമൃത ശില്പ കലാക്ഷേത്രത്തിലെ ശിവകുമാറിനെ അവർ അനുഗ്രഹിച്ചു.
Content highlights : Faridabad Amrita hospital inauguration.