എയിംസ് അനുവദിക്കാന്‍ കാലതാമസം അരുത് -മുഖ്യമന്ത്രി

ഏത് ആരോഗ്യ സൂചിക പരിഗണിച്ചാലും എയിംസ് എന്ന കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനം ചോദിക്കാതെ നല്‍കേണ്ടതാണ് എയിംസ്. കേരളത്തിന്റെ ആരോഗ്യ സൂചിക വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പമാണ്. എയിംസിന് കോഴിക്കോട്ട് സ്ഥലം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇനിയും കാലതാമസം വരുത്താതെ എയിംസ് കേരളത്തിന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മെഡിക്കല്‍ കോളജിലെ പുതിയ ബ്ലോക്ക് പ്രവര്‍ത്തന സജ്ജമാകുന്നതോടെ ആലപ്പുഴയുടെ ആരോഗ്യ മേഖലക്ക് പുതിയമുഖം കൈവരികയാണ്. ഇവിടേക്ക് ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയിലെ മനുഷ്യവിഭവശേഷി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മാണം സഹകരണാത്മക ഫെഡറലിസത്തിന്റെ മികച്ച മാതൃകയാണെന്നും കേന്ദ്രത്തില്‍നിന്ന് കേരളത്തിന് അര്‍ഹതപ്പെട്ട കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടി.ഡി. മെഡിക്കല്‍ കോളജില്‍ പുതുതായി 15 പി.ജി. സീറ്റുകള്‍ അനുവദിച്ചതായി ചടങ്ങിന് അധ്യക്ഷത വഹിച്ച കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പര്‍വീണ്‍ പവാര്‍ പറഞ്ഞു. പ്രധാന്‍മന്ത്രി സ്വാസ്ത്യ സുരക്ഷ യോജനയില്‍ ഉള്‍പ്പെടുത്തി 173.18 കോടി രൂപ ചെലവഴിച്ചാണ്
സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍ മ്മിച്ചത്. ഇതില്‍ 120 കോടി രൂപ കേന്ദ്ര സര്‍ക്കാരും 53.18 കോടി രൂപ കേരള സര്‍ക്കാരുമാണ് ചെലവഴിച്ചിട്ടുള്ളത്. മെഡിക്കല്‍ കോളജില്‍ ട്രോമാ കെയര്‍ സംവിധാനം സമയബന്ധിതമായി സ്ഥാപിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തിന്റെ പണി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി സജി ചെറിയാന്‍, എ.എം. ആരിഫ് എം.പി., എം.എല്‍.എ.മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍, തോമസ് കെ.തോമസ്, യു. പ്രതിഭ, എം.എസ്. അരുണ്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.ടി. സുമ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, അമ്പലപ്പുഴ നോര്‍ത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് സലാം എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *