തിരുവനന്തപുരം മെഡി. കോളേജിൽ അത്യപൂര്‍വ്വ ശസ്ത്രക്രിയ വിജയം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്രിനൽ ഗ്രന്ഥിയിൽ ട്യൂമർ ബാധിച്ച രോഗിയ്ക്ക് നടത്തിയ അത്യപൂര്‍വ്വ താക്കോൽ ദ്വാര ശസ്ത്രക്രിയ വിജയം. വൻകിട സ്വകാര്യ ആശുപത്രികളിൽ മാത്രം ചെയ്യുന്ന സങ്കീർണ ശസ്ത്രക്രിയയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സാധ്യമാക്കിയത്.

വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കിയ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. സ്വകാര്യ ആശുപത്രികളിൽ അഞ്ചു ലക്ഷത്തിലധികം രൂപ ചെലവു വരുന്ന ശസ്ത്രക്രിയയാണ് തികച്ചും സൗജന്യമായി ചെയ്തുകൊടുത്തത്. തിരുവനന്തപുരം സ്വദേശിയായ 50 വയസുകാരൻ വയറു വേദനയുമായാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. വയറിന്റെ ഇടതു ഭാഗത്ത് വേദനയും ഉയർന്ന രക്ത സമ്മർദ്ദവുമുണ്ടായിരുന്നു. യൂറോളജി വിഭാഗത്തിലും എൻഡോക്രൈനോളജി വിഭാഗത്തിലും നടത്തിയ പരിശോധനയിലാണ് ഇടത് അഡ്രിനൽ ഗ്രന്ഥിയിൽ ഹോർമോണായ കോർട്ടിസോൾ ഉത്പാദിപ്പിക്കുന്ന ട്യൂമർ കണ്ടെത്തിയത്. അഡ്രിനൽ ഗ്രന്ഥിയുടെ സൂക്ഷ്മമായ രക്തപരിശോധനയിൽ രക്തത്തിലെ കോർട്ടിസോൾ അളവ് കൂടുതലാണെന്ന് സ്ഥിരീകരിച്ചു.

തുടർന്നു നടന്ന ഡെക്സാറമെത്തസോൾ സപ്രഷൻ ടെസ്റ്റിൽ സാധാരണക്കാരിൽ നിന്നും വ്യത്യസ്ഥമായി അഡ്രിനൽ ഗ്രന്ഥിയിൽ ഉയർന്നതോതിൽ കോർട്ടിസോൾ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നതായി കണ്ടെത്തി. ഇത് ട്യൂമറിന്റെ സാന്നിദ്ധ്യം ഉറപ്പിക്കുന്നതായിരുന്നു. രോഗിക്ക് ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയ താക്കോൽദ്വാര ശസ്ത്രക്രിയ നടത്തി. രണ്ട് മണിക്കൂർ നീണ്ട താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ അഡ്രിനൽ ട്യൂമർ നീക്കം ചെയ്തു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന രോഗി സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടർമാർ അറിയിച്ചു.

യൂറോളജി വിഭാഗത്തിലെ ഡോ. പി.ആർ. സാജുവിന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയില്‍ ഡോ. എം.കെ. മനു, ഡോ. തമോഘ്ന, ഡോ. ഋതുരാജ് ചൗധരി, ഡോ. ലിംഗേഷ്, ഡോ. സുമൻ എന്നിവർക്കൊപ്പം അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ഹരി, ഡോ. രാഖിൻ, ഡോ. അയിഷ എന്നിവർ പങ്കെടുത്തു. നഴ്സുമാരായ മായ, രമ്യ, ബ്ലെസി എന്നിവരും  പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *