സ്വാദിഷ്ടമായ ടൊമാറ്റോ സോസ് വീട്ടിലുണ്ടാക്കാം.

മിനി ആര്‍. നായര്‍
രുചിയേറിയ ടൊമാറ്റോ സോസ് വീട്ടിലുണ്ടാക്കാം. ഒരു കിലോ ടൊമാറ്റോ വാങ്ങി സോസ് ഉണ്ടാക്കിയാൽ ഒരു കുപ്പി നിറയ്ക്കാം. ടൊമാറ്റോ കിലോയ്ക്ക് ഇരുപതു രൂപയ്ക്ക് കിട്ടുന്ന സമയത്ത് മറ്റ് ചേരുവകൾ എല്ലാം കൂടി 30 രൂപയ്ക്ക് 750 മില്ലി സോസ് ഉണ്ടാക്കാം. വിപണിയിൽ ഇതിന്‌

90 രൂപയിലധികം വില വരും. വാങ്ങാൻ കിട്ടുന്ന സോസിൽ പ്രിസർവേറ്റീവ്സ് ആയി രാസപദാർത്ഥങ്ങൾ ഉപയോഗിക്കുന്നുണ്ട്. കൂടുതൽ കാലം കേടുകൂടാതെ നിൽക്കാനാണിത്. എന്നാൽ വീട്ടിലുണ്ടാക്കുമ്പോൾ ഇതെല്ലാം ഒഴിവാക്കി ശുദ്ധമായ സോസ് ഉണ്ടാക്കാം.

ആവശ്യമായ ചേരുവകൾ: നന്നായി പഴുത്ത തക്കാളി – ഒരു കിലോ, വെളുത്തുള്ളി – 5 അല്ലി, ഇഞ്ചി – 2 ചെറിയ കഷണം, സവാള ഒരു കഷണം ചെറുതായി അരിഞ്ഞത്. പഞ്ചസാര ആറ് ടേബിൾ സ്പൂൺ, വിനാഗിരി – 4 ടേബിൾ സ്പൂൺ, ഉപ്പ് – ഒരു ടീസ്പൂൺ, കശ്മീരി മുളകുപൊടി – ഒരു ടീസ്പൂൺ.


ഉണ്ടാക്കുന്ന വിധം: തക്കാളി ചെറുതായി അരിഞ്ഞ് അതിൽ വെളുത്തുള്ളി, ഇഞ്ചി, സവാള എന്നിവ ചേർത്ത ശേഷം ഒരു പാനിൽ 20 മിനുട്ട് ചെറിയ തീയിൽ അടച്ച് വേവിക്കുക. അടിയിൽ പിടിക്കാതിരിക്കാൻ ഇടയ്ക്ക് ഇളക്കി കൊടുക്കണം. 20 മിനുട്ട് കഴിഞ്ഞ് പഞ്ചസാര, വിനാഗിരി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി ചൂടാക്കുക. ഇതിനു ശേഷം തണുക്കാൻ 

വെച്ച് രണ്ടോ മൂന്നോ ഭാഗമാക്കി മിക്സിയിൽ അടിച്ചെടുക്കുക. പിന്നീട് വലിയ അരിപ്പയയിൽ അരിച്ചെടുത്ത് പാനിലാക്കി ഒന്നുകൂടി ചൂടാക്കി കുറുക്കുക. കട്ടിയായാൽ അരിപ്പയിലൂടെ വീഴില്ല. ഇങ്ങിനെ വരുമ്പോൾ മിക്സിസിയിൽ നന്നായി അടിച്ചെടുത്ത് അരിക്കാതെ ഉപയോഗിക്കാം. ഇപ്പോൾ ടൊമാറ്റോ സോസ് റെഡിയായി. തണുത്തു 

കഴിഞ്ഞാൽ ഇത്  കുപ്പിയിലാക്കാം. ആദ്യം ചേരുവകൾ ചേർത്ത്  ചൂടാക്കുമ്പോൾ  രുചി നോക്കാം. മധുരവും ഉപ്പും വേണമെങ്കിൽ ചേർത്തു കൊടുക്കാം. എരുവ് വേണമെങ്കിൽ കുറച്ച് സാധാരണ മുളകുപൊടി ചേർക്കാം. ഇഷ്ടമാണെങ്കിൽ ഒരു നുള്ള് കുരുമുളക് പൊടിയും ചേർക്കാം. വേവിക്കുമ്പോൾ രണ്ട് ഗ്രാമ്പു, ഒരു ചെറിയ കഷണം കറുവപ്പട്ട 

എന്നിവ ചേർക്കാം. പക്ഷെ വെന്തു കഴിഞ്ഞാൽ ഇത് എടുത്തുകളയണം. വേണ്ടത്ര ചുവപ്പ് കളർ കിട്ടാൻ കശ്മീരി മുളക് കൂടുതൽ ചേർക്കാം. വേവിക്കുമ്പോൾ ചെറിയ കഷണം ബീറ്റ്റൂട്ട് കൂടി ചേർത്താൽ നല്ല നിറം കിട്ടും. പ്രിസർവേറ്റീവ് ചേർക്കാത്തതിനാൽ സോസ് ഫ്രിഡ്ജിൽ സൂക്ഷിക്കണം. ഇല്ലെങ്കിൽ ചീത്തയാകാൻ സാധ്യതയുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *