എറണാകുളത്ത് സപ്ലൈകോയ്ക്ക് ആർക്കൈവ്സ്

എറണാകുളത്ത് സപ്ലൈകോയ്ക്ക് ആർക്കൈവ്സ് തയ്യാറായി. കടവന്ത്രയിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തിലാണിത്. 48 വർഷം പിന്നിട്ട സപ്ലൈകോ നടത്തിയ ശ്രദ്ധേയ ചുവടുവയ്പ്പുകളുമായി ബന്ധപ്പെട്ട ഫോട്ടോകൾ, ശാസ്ത്രീയ സംഭരണ മാതൃകകൾ, ഗുണനിലവാര പരിശോധന ഉപകരണങ്ങൾ തുടങ്ങിയവയാണ് ആർക്കൈവ്‌സിലുള്ളത്. ഓഗസ്റ്റ് 25ന് പ്രവർത്തനമാരംഭിച്ച സപ്ലൈകോ റിസർച്ച് ആൻഡ് ട്രെയിനിംഗ് അക്കാദമിയുടെ പ്രവർത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ആർക്കൈവ്‌സ് സജ്ജീകരിക്കുന്നത്. 

ആർക്കൈവ്‌സ്  ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു.  ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി സപ്ലൈകോയുടെ ഔട്ട്ലെറ്റുകൾ മുതൽ ഹെഡ് ഓഫീസ് വരെയുള്ള എല്ലാ പ്രവർത്തനങ്ങളും പുതിയകാലത്തിന് അനുസൃതമാക്കി മാറ്റുമെന്ന്‌ മന്ത്രി പറഞ്ഞു.

ഉത്പന്നങ്ങളുടെ കൃത്യമായ വിതരണവും ഗുണനിലവാരവും ഉറപ്പുവരുത്തും. ഭക്ഷ്യധാന്യ വിതരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കും. ഇത്തരം നടപടികൾ സപ്ലൈകോയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനും ഉപഭോക്താവിന് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യവസ്തുക്കളുടെ ശാസ്ത്രീയ സംഭരണ രീതികളും ഗുണനിലവാര പരിശോധനയും സപ്ലൈകോ ജീവനക്കാർക്കും പൊതുജനങ്ങൾക്കും പരിചിതമാക്കുന്നതിനായാണ് ആർക്കൈവ്‌സ് തയ്യാറാക്കിയിരിക്കുന്നതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സഞ്ജീബ് പട്‌ജോഷി അറിയിച്ചു. കോന്നി കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻറിലും സപ്ലൈകോയിലും ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്.

ഭക്ഷ്യധാന്യങ്ങളുടെ ഈർപ്പം പരിശോധിക്കാന്‍ ഉപയോഗിച്ചിരുന്ന ഹോട്ട് എയർ ഓവൻ, രാസ പരിശോധനയുടെ ഭാഗമായി ആഷ് ടെസ്റ്റിന് ഉപയോഗിച്ചിരുന്ന മഫിൾ ഫർണസ്, ഭക്ഷ്യധാന്യങ്ങളുടെ വലിപ്പം പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ലാബ് സിഫ്റ്ററും സീവ് സെറ്റും, സീഡ് ഗ്രേഡർ, ഹോട്ട് പ്ലേറ്റ്, ഇല്യൂമിനേറ്റഡ് പ്യൂരിറ്റി ബോർഡ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഭക്ഷ്യധാന്യസംഭരണത്തിന് വെല്ലുവിളി സൃഷ്ടിക്കുന്ന കീടങ്ങളുടെ മൗണ്ട് ചെയ്ത സാമ്പിൾ, ഇവയുടെ ജീവിതചക്രവും നിയന്ത്രണ മാര്‍ഗ്ഗങ്ങളും വിശദമാക്കുന്ന വീഡിയോഎന്നിവ പ്രദർശനത്തിലുണ്ട്.

ആർക്കൈവ്സ് ഉദ്ഘാടനത്തിൽ സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സഞ്ജീബ് പട്ജോഷി, ജനറൽ മാനേജർ ശ്രീറാം വെങ്കിട്ടരാമൻ, വിജിലൻസ് ഓഫീസർ സി.എസ് ഷാഹുൽഹമീദ്, അഡീഷണൽ ജനറൽ മാനേജർമാരായ പി.ടി. സൂരജ്, ആർ.എൻ സതീഷ്, ഷീബ ജോർജ്  എന്നിവർ പങ്കെടുത്തു. ഫോട്ടോ : സപ്ലൈകോ ആർക്കൈവ്സ് മന്ത്രി  ജി. ആർ. അനിൽ നോക്കിക്കാണുന്നു. 

Leave a Reply

Your email address will not be published. Required fields are marked *