നെല്ലിന്റെ വിലയായി കർഷകർക്ക് 811 കോടി രൂപ നല്കി
സംഭരിച്ച നെല്ലിന്റെ വിലയായി 1,11,953 കർഷകർക്ക് 811 കോടി രൂപ വിതരണം ചെയ്തതായി ഭക്ഷ്യമന്ത്രി ജി.ആര്.അനിൽ അറിയിച്ചു. 2022-23 ൽ 1,34,152 കർഷകരിൽ നിന് മാർച്ച് 28 വരെ 3.61 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിക്കുകയും വിലയായി 1,11,953 കർഷകർക്ക് 811 കോടി രൂപ വിതരണം നടത്തുകയും ചെയ്തതായി മന്ത്രി അറിയിച്ചു. 22,199 കർഷകർക്ക് നൽകാനുള്ള 207 കോടി രൂപ വിതരണം ചെയ്തു വരുന്നു. ഏപ്രിൽ ആദ്യ വാരത്തോടുകൂടി മാർച്ച് 31 വരെ സംഭരിച്ച മുഴുവൻ നെല്ലിന്റെയും വില കർഷർക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു.
മാർച്ച് 22 മുതൽ 29 വരെ 231 കോടി രൂപ കർഷകരുടെ അക്കൗണ്ടിൽ നേരിട്ട് കൈമാറിയിട്ടുണ്ട്. സപ്ലൈകോയുടെ അക്കൗണ്ടിൽ നിന്നും ഈ തുക കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറിയതിനാൽ കർഷകരുടെ സിബിൽ സ്കോറിനെ ബാധിക്കാത്ത വിധത്തിലാണ് തുക നൽകിവരുന്നത്. ഈ സീസണിലെ നെല്ല് സംഭരണം മെച്ചപ്പെട്ട രീതിയിൽ നടന്നു വരുന്നതായും കർഷകർക്ക് നൽകേണ്ട തുക സമയബന്ധിതമായി നൽകുമെന്നും മന്ത്രി അറിയിച്ചു. കർഷകരുടെ പ്രശ്നങ്ങളെ സർക്കാർ ഗൗരവമായിട്ടാണ് കാണുന്നതെന്നും നെല്ലിന്റെ വില കർഷകർക്ക് സമയബന്ധിതമായി നൽകുന്നതിന് എല്ലാവിധ പരിശ്രമവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.