വീട്ടില്‍ നാടൻ മുട്ടക്കോഴികളെ വളർത്തി വരുമാനമുണ്ടാക്കാം
വീട്ടുപറമ്പിൽ കൂട്ടിൽ നാടൻ മുട്ടക്കോഴികളെ വളർത്തി വരുമാനമുണ്ടാക്കാം. വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാവുന്ന സ്വയം തൊഴിലാണിത്. ഇത്തരത്തിൽ വരുമാനം കണ്ടെത്തുകയാണ് ലിജുവും ഭാര്യ ദീപയും. തിരുവനന്തപുരം ആനാട് ഗ്രാമ പഞ്ചായത്തിലെ ഇരിഞ്ചയത്താണ് ലിജുവിൻ്റെ വീട്. ജെ.സി.ബി.ഡ്രൈവറായ ലിജുവും ഭാര്യയും ചേർന്ന് അഞ്ചു വർഷം
മുമ്പാണ് വീട്ടിൽ ഗ്രാമശ്രീ മുട്ടക്കോഴി വളർത്തൽ തുടങ്ങിയത്. ഇപ്പോൾ അഞ്ചു വർഷം കൊണ്ട് 800 കോഴികളുള്ള യൂനിറ്റായി അത് വികസിപ്പിച്ചു. ബി.വി. 380 ഇനം കോഴികളെയാണ് വാങ്ങിയത്. രണ്ടായിരം കോഴികളെ വളർത്താനുള്ള പദ്ധതിയിലാണിപ്പോൾ. രണ്ടായിരം മുട്ടക്കോഴികളെ വളർത്തിയാൽ ദിവസം ചെലവെല്ലാം കഴിച്ച് 3500 രൂപ വരെ ലാഭമുണ്ടാകുമെന്ന് ലിജു പറയുന്നു. ഡിഗ്രി പഠനം പാതിവഴിയിൽ നിന്നപ്പോൾ ഭാര്യ ദീപയ്ക്ക് കോഴിവളർത്തൽ
ഒരു സ്വയംതൊഴിൽ സംരംഭമായെന്നും ലിജു പറയുന്നു. അഞ്ചു വർഷം മുമ്പ് 25 കോഴികളെ കൂടടക്കം വാങ്ങിയാണ് കോഴിവളർത്തൽ തുടങ്ങിയത്. അടുത്ത വർഷം 250 കോഴികളെ വളർത്തി. പിന്നീട് 400 കോഴികളായി.ഇപ്പോൾ ബി.വി. 380 ഇനം 800 കോഴികളുണ്ട്. ഒന്നര മാസം പ്രായമായതിനെ വാങ്ങിയാണ് വളർത്തുന്നത്. ഇതിന് ഒന്നിന് 150 -160 രൂപ വില നൽകണം. മൂന്നു മാസം കൂടി വളർത്തിയാൽ ഇവ മുട്ടയിടാൻ
തുടങ്ങും. നല്ല തീറ്റ കൊടുത്താൽ ഒന്നര വർഷം വരെ മുട്ട കിട്ടും. ഇതു കഴിഞ്ഞ് ഇറച്ചിക്കോഴികളായി വിൽക്കും. കീരി, കുരങ്ങ് ശല്യം കാരണം കോഴിക്കൂട് ഉയരത്തിലുണ്ടാക്കിയാണ് ഇവയെ വളർത്തുന്നത്. 800 കോഴികൾക്ക് ദിവസം രണ്ട് ചാക്ക് കോഴിത്തീറ്റ വേണം.
ഇതിന് 2500 രൂപ ചെലവാകും. പുല്ല് അരിഞ്ഞിട്ടതും അസോളയും കൂടെ കൊടുക്കും ഇവയിൽ നിന്ന് ദിവസം 80 ശതമാനം മുട്ട കിട്ടും. 800 കോഴികളിൽ നിന്ന് ദിവസം ശരാശരി 640 മുട്ട പ്രതീക്ഷിക്കാം. ചെലവെല്ലാം കഴിഞ്ഞ് ഒരു മുട്ടയ്ക്ക് രണ്ടു രൂപ ലാഭം പ്രതീക്ഷിക്കാം. രോഗങ്ങളൊന്നും വരാറില്ല. മരുന്നും കൊടുക്കേണ്ടതില്ല.
ആനാട് ഇക്കോ ഷോപ്പിലും സൂപ്പർ മാർക്കറ്റുകളിലുമാണ് മുട്ടനൽകുന്നത്. ആളുകൾ വീട്ടിൽ വന്ന് വാങ്ങുകയും ചെയ്യും. ആറു രൂപ തോതിലാണ് വില്പന. നന്നായി നടത്തിക്കൊണ്ടു പോയാൽ കുടുംബിനികൾക്ക് നല്ലൊരു തൊഴിലാണിതെന്ന് ദീപ പറയുന്നു. വീട്ടിലെ ജോലിയോടൊപ്പം കുറച്ചു സമയം ഇതിനായി മാറ്റിവെക്കണമെന്നു മാത്രം.