40 വർഷം മുമ്പത്തെ പപ്പേട്ടന്റെ ഒറ്റയാൻ സ്റ്റാർട്ടപ്പ്

ശശിധരൻ മങ്കത്തിൽ

ഇന്ന് സ്റ്റാർട്ടപ്പിന് ലക്ഷങ്ങൾ വേണം. എന്നാൽ നാല്പത് വർഷം മുമ്പ് കൈയിൽ പണമൊന്നുമില്ലാതെ സ്റ്റാർട്ടപ്പിലേക്ക് എടുത്തു ചാടിയ ഒരു യുവാവിന്റെ കഥയിതാ. വെളളിക്കോത്തെ പപ്പന്റെ ഹോട്ടൽ അറിയാത്തവരില്ല. ചൂട് ഗോളിബജ, പഴംപൊരി, ഉണ്ടക്കായ, പരിപ്പുവട, ഉഴുന്നുവട എന്നിവയെല്ലാം പപ്പൻസ് സ്പെഷലാണ്. ഇതെല്ലാം നമ്മുടെ മുന്നിൽ വെച്ച് എണ്ണയിൽ പൊരിച്ച് പ്ലേറ്റിലാക്കിത്തരും. ഹോട്ടലിൽ ഇരുന്ന് പലഹാരങ്ങൾ നുണയുമ്പോൾ  

പക്ഷെ പപ്പേട്ടൻ എന്ന സംരംഭകന്റെ ജീവിതവഴി ആരും ഓർക്കാറില്ല. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് വെള്ളിക്കോത്ത് സ്ക്കൂളിനടുത്താണ് പപ്പേട്ടന്റെ ഹോട്ടൽ. മഹാകവി പി കുഞ്ഞിരാമൻ നായരുടെ കുടുംബ വീട്ടിലേക്കുള്ള റോഡിനടുത്താണിത്. അച്ഛൻ കൃഷണന് ആചാരക്കുട ഉണ്ടാക്കലായിരുന്നു പണി. ക്ഷേത്രങ്ങളിലും മറ്റും സ്ഥാനികർ ഉപയോഗിക്കുന്ന ഓലക്കുട ഉണ്ടാക്കി കൊടുത്താൽ അന്ന് കിട്ടിയിരുന്നത് തുച്ചമായ പൈസയായിരുന്നു.

“തുടക്കത്തിൽ എട്ടണ.പിന്നെ ഒരു രൂപ…ഒന്നര രൂപ. ഇതുകൊണ്ട് വീട്ടിൽ ഒന്നിനും തികയില്ലായിരുന്നു. ഞങ്ങൾ അറ് മക്കളാണ്. എഴ് വരെ വെള്ളിക്കോത്ത് സ്ക്കൂളിൽ പഠിച്ചു. പിന്നെവീട്ടിലെ കഷ്ടപ്പാട് കണ്ട് ഒരു ബന്ധു കൂട്ടിക്കൊണ്ടുപോയി ഇരിയണ്ണി സ്ക്കൂളിൽ ചേർത്തു. ഒമ്പതിൽ തോറ്റു.അതോടെ പഠിപ്പ് നിർത്തി പണി അന്വേഷണമായി” – ഞാൻ പപ്പേട്ടന്റെ ജീവിതം കേട്ടിരുന്നു. ഇതു കഴിഞ്ഞ് കുറേ കാലം ‘മാതൃഭൂമി’ പത്ര വിതരണക്കാരനായി. അന്ന് ലക്ഷ്മണൻ സ്വാമിയായിരുന്നു

വെള്ളിക്കോത്ത ഏജന്റ്. പിന്നെ കുന്നുമ്മലെ പട്ടറെ ഹോട്ടലിൽ പണിക്ക് നിന്നു. പട്ടർ എന്ന ഗോവിന്ദ ഭട്ടിന്റെ ഹോട്ടൽ അക്കാലത്ത് പ്രസിദ്ധമായിരുന്നു. അവിടെ നിന്ന് പലഹാരങ്ങൾ ഉണ്ടാക്കാൻ പഠിച്ചു. ഭട്ടിന്റെ കൈപ്പുണ്യം പകർന്നു കിട്ടി.
സ്വന്തമായി ഈ പണി തുടങ്ങിയാലെന്താ എന്നായി പിന്നെ ചിന്ത. സ്ക്കുളിനടുത്ത് പഴയ ചമണിയന്റെ പീടികയിൽ അന്ന് മോഹനന്റെ പലചരക്ക് കടയായിരുന്നു. ഇതിന്റെ ചായ്പിൽ ചായക്കട തുടങ്ങി. ഹോട്ടൽ പച്ചപിടിച്ചു. വിഭവങ്ങൾ കൂടി. വീട്ടിൽ വിരുന്നുകാർ വന്നാൽ

ഓടിപ്പോയി പപ്പേട്ടന്റെ ഹോട്ടലിൽ നിന്ന് പലഹാരം വാങ്ങുന്ന സ്ഥിതിയായി. പാർസലായും പലഹാരങ്ങൾ വീടുകളിലെത്തി. പഞ്ചായത്ത് ഓഫീസും വില്ലേജ് ഓഫീസും തൊട്ടടുത്തായതിനാൽ ചായ കുടിക്കുന്നവരുടെ എണ്ണം കൂടി. ദൂരെ ദിക്കുകളിൽ നിന്നു പോലും ആളുകൾ ഈ രുചിതേടിയെത്തി. കവലയിലായതിനാൽ ഹോട്ടൽ ആളുകളുടെ ഒത്തുകൂടൽ കേന്ദ്രം കൂടിയായി. പോസ്റ്റ്മാൻ കത്തുകൾ പോലും ഇവിടെ ഏല്പിക്കാൻ തുടങ്ങി.


രാവിലെ തന്നെ പപ്പേട്ടൻ എത്തി പലഹാരങ്ങൾ എണ്ണയിലിടാൻ തുടങ്ങിയാൽ പരിസരമാകെ രുചിയുടെ മണം പരക്കും. ഞാൻ ഇതിനു മുന്നിലൂടെയാണ് സ്ക്കൂളിൽ പോയിരുന്നത്. പപ്പേട്ടന് നാലു മക്കൾ. രണ്ട് പെൺമക്കളുടെ കല്യാണവും കഴിഞ്ഞു.
കച്ചവടം എങ്ങിനെയുണ്ട് എന്ന് ചോദിച്ചപ്പോൾ. “മോശൂല്ലപ്പ. ഇതന്നല്ലെഎന്റെവരുമാനം”…എന്നായിരുന്നു മറുപടി. “ഞാൻ ഈ പണി കൊണ്ടല്ലേ ജീവിച്ചത്… നന്നായി പോകുന്നു”- നാടിന്റെ അന്നദാതാവായ പപ്പേട്ടന് പൂർണ സംതൃപ്തി.69 ലും നല്ല ചുറുചുറുക്ക്.

പലഹാരങ്ങൾ മാത്രമല്ല ഇപ്പോൾ ആഴ്ചയിൽ രണ്ടു ദിവസം പൊറോട്ടയും പത്തിരിയും ചിക്കൻ കറിയുമുണ്ട്. ചായ്പ്പിൽ തുടങ്ങിയ ചായക്കട 40 വർഷത്തിടയിൽ തൊട്ടടുത്ത രണ്ട് സ്ഥലത്തേക്ക് മാറി. ആദ്യ ഓലപ്പുര പൊളിച്ചപ്പോൾ ഉന്തുവണ്ടി വാങ്ങി ഇവിടത്തന്നെ റോഡരികിലിട്ട് ചായക്കട നടത്തി. ഇപ്പോൾ സ്വന്തം ഷെഡ്ഡാണ്. ഈ കാലത്തിനിടയിൽ അഞ്ച് സഹോദരങ്ങളെ പഠിപ്പിച്ചു. ഇതിൽ രണ്ട് സഹോദരിമാരെ കല്യാണം കഴിച്ചയച്ചു. കണ്ടപ്പോൾ തന്നെ നിനക്ക് ചായ വേണോ എന്നായി രുന്നു പപ്പേട്ടന്റെ ചോദ്യം. ഇതാ ചൂട് ഗോളിബജ… പലഹാര പാത്രം കാണിച്ചു തന്നു. പപ്പേട്ടൻ അങ്ങിനെയാണ്. നല്ല സ്നേഹമുള്ളവൻ, ഉത്സാഹി. ഒന്നുമില്ലായ്മയിൽ തുടങ്ങി സ്വന്തം പ്രയത്നത്തിലൂടെ കുടുംബത്തെ താങ്ങി നിർത്തിയ ഒമ്പതാം ക്ലാസുകാരനായ സംരംഭകൻ.

Leave a Reply

Your email address will not be published. Required fields are marked *