പേശീ വളർച്ചയ്ക്കും രക്തസമ്മർദ്ദം കുറക്കാനും പാൽ കുടിക്കൂ
ഡോ. പി.വി.മോഹനൻ
രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാൽ എന്നാണ് പഴഞ്ചൊല്ല്. “പാൽ കുടിക്കാം ഇന്നും എന്നും” എന്നാണ് ഈ വർഷത്തെ ക്ഷീരദിനത്തിന്റെ സന്ദേശം.
ഇരുപതാമത്തെ ക്ഷീര ദിനമാണ് ജൂൺ ഒന്നിന് ലോകം ആചരിക്കുന്നത്. 2001 ലാണ് എഫ്.എ.ഒ. ലോക പാൽ ദിനാചരണം പ്രഖ്യാപിച്ചത്. പാലുല്പാദന മേഖലയിലുള്ള സാമ്പത്തിക വളർച്ച, സുസ്ഥിരത, ജീവിതോപാധി , പോഷകാഹാരം തുടങ്ങിയവയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനാണ് ലോകം ഈ ദിനം ആചരിക്കുന്നത്.
ഒരു സമ്പൂർണ്ണ ആഹാരമാണ് പാൽ. ലോകത്തെ ഏറ്റവും പോഷക സമൃദ്ധമായ പാനീയമായാണ് പാലിനെ കരുതുന്നത്.
പാലിലെ “വേ പ്രോട്ടീൻ ” പേശി വളർച്ചക്ക് ഏറ്റവും നല്ലതാണ്. ബോഡിബിൽഡേർസ് വേ പ്രോട്ടീനാണ് കഴിക്കുന്നത്. വേ പ്രോട്ടീൻ രക്തസമ്മർദം കുറക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.പാലിൽ ഉയർന്ന അളവിൽ മാംസ്യവും കാൽസ്യവും ഉണ്ട്.
കൂടാതെ ബി-12, ബി – 2 വിറ്റാമിനുകളും ഫോസ്ഫറസും ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ വിറ്റാമിൻ സി യും ഇരുമ്പും പാലിലില്ല.എല്ലിന്റെയും തലച്ചോറിന്റെയും വളർച്ചക്ക് പാൽ കഴിക്കുന്നത് നല്ലതാണ്. കാഴ്ച, ഞരമ്പുകളുടെ വളർച്ച, രക്താണുക്കളുടെ ഉൽപാദനം രോഗപ്രതിരോധ ശേഷി എന്നിവയ്ക്കും പാൽ നല്ലതാണ്. പാലിൽ അടങ്ങിയിട്ടുള്ള കേസീൻ പ്രോട്ടീൻ നിരവധി അത്യാവശ്യ അമിനോ ആസിഡുകൾ അടങ്ങിയതാണ്.
പാലിലെ കൊഴുപ്പിൽ മനുഷ്യനാവശ്യമായ നിരവധി ഫാറ്റി അമ്ലങ്ങളും അടങ്ങിയിട്ടുണ്ട്. പാലിലെ പഞ്ചസാരയായ ലാക്ടോസ് വിഘടിച്ച് ഗ്ലൂക്കോസും ഗാലക്ടോസുമായാണ് ശരീരത്തിൽ വലിച്ചെടുക്കുന്നത്. ഇത് ചിലർക്ക് ആരോഗ്യപ്രശ്നമുണ്ടാക്കാറുണ്ട്. ലാക്ടോസ് വിഘടിക്കുന്ന പ്രക്രിയ നടക്കാത്തവരിലാണ് ഇത് പ്രശ്നമാകുന്നത്. അപൂർവ്വം കുട്ടികളിൽ പാലിനോട് അലർജിയും കാണാറുണ്ട്. ലോകത്ത് പാലുല്പാദനത്തിൽ ഒന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. രാജ്യത്ത് ഒരു കോടി ജനങ്ങളാണ് പാലുല്പാദവുമായി ബന്ധപ്പെട്ട തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നത്. 96000 പ്രാദേശിക ക്ഷീര സംഘങ്ങളും 170 സഹകരണ യൂണിയനുകളും 15 സംസ്ഥാന സഹകരണയൂണിയനുകളും രാജ്യത്ത് പ്രവർത്തിക്കുന്നു. ലോകത്തെ പാലുല്പാദനത്തിന്റെ 15 ശതമാനവും ഇന്ത്യയിലാണ്.
165.5 മില്യൺ മെട്രിക് ടണ്ണാണ് നമ്മുടെ ഉൽപാദനം. പ്രതിവർഷം 5 ശതമാനം വളർച്ച രേഖപ്പെടുത്തിയ ഈ മേഖലയിൽ നിന്ന് അറു ലക്ഷം കോടി രൂപയാണ് രാജ്യത്തിന് പ്രതിവർഷം ലഭിക്കുന്നത്. ഇത് 2023 ആകുമ്പോഴേക്കും 18600 ബില്യൺ ആകുമെന്നാണ് നിഗമനം. രാജ്യത്തെ ക്ഷീരമേഖലയിൽ തൊഴിലെടുക്കുന്നവർ 70 ശതമാനം ചെറുകിട കർഷകരും ഭൂരഹിതരുമാണ്. സ്ത്രീകളുടെ പങ്കാളിത്തം 71 ശതമാനമാണ്. അതുകൊണ്ട് തന്നെ സാധാരണക്കാരുടെ പ്രധാന ജീവിതോപാധിയാണ് ക്ഷീരമേഖല. നിരവധി പാൽ സംസ്കരണ യൂണിററുകളും രാജ്യത്ത് പ്രവൃത്തിക്കുന്നുണ്ട്. ഇതിൽ തൊഴിലെടുക്കുന്നവരും നിരവധിയാണ്.
സംസ്ഥാനത്തെ പാലുല്പാദനം 27.11 ലക്ഷം ടണ്ണാണ്. ദേശീയ തലത്തിൽ പാലിന്റെ ആളോഹരി ലഭ്യത 303 മില്ലിയാകുമ്പോൾ സംസ്ഥാനത്ത് അത് 203 മില്ലിയാണ്. സങ്കര പ്രജനനത്തിൽ മാതൃകാപരമായ പ്രവർത്തനം നടത്താനായതിനാൽ സംസ്ഥാനത്തെ സങ്കര ഇനം പശുക്കളുടെ പ്രതിദിന പാലുല്പാദനം 2007-08 ലെ 7.85 ലിറ്ററിൽ നിന്ന് 10.18 ലിറ്ററാക്കി ഉയർത്താൻ നമുക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ പശുക്കളുടെ എണ്ണം കാര്യമായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. 1996 ൽ 33.96 ലക്ഷമുണ്ടായിരുന്നത് 2019 ആകുമ്പോഴേക്കും 12 ലക്ഷമായി കുറഞ്ഞു. 3650 ക്ഷീര സംഘങ്ങളും 88000 രജിസ്റ്റർ ചെയ്ത ക്ഷീര കർഷകരും സംസ്ഥാനത്തുണ്ട്.
( മൃഗസംരക്ഷണ വകുപ്പ് റിട്ട. അസി.ഡയരക്ടറാണ് ലേഖകൻ )