തലശ്ശേരിയില്‍ രുചിവൈവിധ്യവുമായി മത്സ്യഫെഡ് സീഫുഡ് റസ്റ്റോറന്റ്
തലശ്ശേരി മഞ്ഞോടിയിലെ മത്സ്യഫെഡ് സീ ഫുഡ് റസ്റ്റോറന്റ് നിയമസഭാ സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. നല്ല ഭക്ഷണത്തിനായി എത്രദൂരം വേണമെങ്കിലും സഞ്ചരിക്കുന്നവരാണ് മലയാളികളെന്നും ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ഭക്ഷണം നല്‍കി കഫെ വന്‍ വിജയമാക്കാന്‍ സാധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. തലശ്ശേരി നഗരസഭ ചെയര്‍പേഴ്സണ്‍ കാരായി ചന്ദ്രശേഖരന്‍ അധ്യക്ഷനായി.
സുരക്ഷിത ഭക്ഷണം സുന്ദര ജീവിതം എന്ന ആശയത്തിന് ഊന്നല്‍ നല്‍കിയാണ് മത്സ്യഫെഡ് സീ ഫുഡ് റസ്റ്റോറന്റ് ആരംഭിക്കുന്നത്. സംസ്ഥാനത്തെ രണ്ടാമത്തെയും ജില്ലയിലെ ആദ്യത്തെയും സീ ഫുഡ് റസ്റ്റോറന്റാണിത്. വ്യത്യസ്തമായ മീന്‍ വിഭവങ്ങളാണ് സീ ഫുഡ് റെസ്റ്റോറന്റിന്റെ പ്രത്യേകത.
മീന്‍ കറിയും പൊരിച്ച മീനും ചെമ്മീന്‍ റോസ്റ്റുമടക്കമുള്ള കടല്‍ വിഭവങ്ങള്‍ ഇവിടെ ലഭ്യമാവും. തലശ്ശേരിയുടെ രുചി വൈവിധ്യം നിറയുന്നതാവും ഓരോ മീന്‍വിഭവവും. ഊണും മീന്‍കറിയുമാണ് തുടക്കത്തില്‍ ലഭ്യമാവുക. കപ്പ, പുട്ട്, ചപ്പാത്തി, അപ്പം, പുഴുക്ക് എന്നിവ മത്സ്യ വിഭവങ്ങള്‍ക്കൊപ്പം പിന്നീട് തീന്‍മേശയിലെത്തും.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ഏഴു ലക്ഷം രൂപ വിനിയോഗിച്ച് 55 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് സീ ഫുഡ് കഫേ ആരംഭിച്ചത്. അഞ്ച് മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്. ആയിക്കര ഫിഷറീസ് കോംപ്ലക്സിലും മോപ്ല ബേ ഫിഷിംഗ് ഹാര്‍ബറിലുമായി ആരംഭിക്കുന്ന രണ്ട് സീ ഫുഡ് കഫറ്റീരിയയുടെ ആരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം മത്സ്യഫെഡ് പൂര്‍ത്തീകരിച്ചിട്ടുണ്ട്.




















