ലാബേ മഷ്റൂം കോഫി വിദേശ വിപണിയിലെത്തുന്നു
പ്രവാസി വ്യവസായിയുടെ ലാബേ മഷ്റൂം കോഫി വിദേശ വിപണിയിലെത്തുന്നു. കൂണിൽ നിന്നുണ്ടാക്കുന്ന കാപ്പിപ്പൊടിയുമായി കൊല്ലം സ്വദേശിയായ ലാലു തോമസാണ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് ലാലു തോമസിന്റെ ഉൽപ്പന്നമായ ലാബേ മഷ്റൂം കോഫി പൗഡർ വ്യവസായ മന്ത്രിയുടെ ഓഫീസിൽ വെച്ച് ലോഞ്ച് ചെയ്തത്.
വിപണിയിലെത്തി മാസങ്ങൾക്കുള്ളിൽ ലാബേ മഷ്റൂം കോഫി പൗഡർ യു.എ.ഇ മാർക്കറ്റിലും ലഭ്യമാകാൻ സാഹചര്യമൊരുങ്ങിയിരിക്കുകയാണ്. ഇതിന് സഹായകമായത് സംരംഭക മഹാസംഗമം പരിപാടിയാണ്. ഇതിൻ്റെ കയറ്റുമതിക്ക് കോഫി ബോർഡിന്റെ അനുമതി ആവശ്യമായിരുന്നു. കൊച്ചിയിലെ മഹാസംഗമത്തിൽ കോഫിബോർഡിന്റെ എക്സിബിഷനിൽ ഉദ്യോഗസ്ഥരോട് നേരിട്ട് സംസാരിക്കാനായതോടെ വളരെ പെട്ടെന്നുതന്നെ കയറ്റുമതിക്ക് ധാരണയില്‍ എത്താൻ സാധിച്ചു.
വ്യാവസായ മന്ത്രി പി.രാജീവാണ് ഈ കാര്യം ഫേസ് ബുക്കിലൂടെ അറിയിച്ചത്. കാപ്പിക്കുരുവും കൂണും ചേർത്ത് നിർമ്മിക്കുന്ന ലാബേ മഷ്റൂം കോഫീ കേരളത്തിൽ ഈ രംഗത്തെ ആദ്യ സംരംഭമാണ് അടുത്തമാസം പതിനഞ്ചോടെ ഉൽപന്നം യു.എ.ഇയിലേക്ക് കയറ്റുമതിചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രവാസിയായിരുന്ന ലാലുവിന് സംരംഭം ആരംഭിക്കുന്നതിനായി 35 ശതമാനം സബ്സിഡിയും വായ്പയും ലഭിച്ചിരുന്നു. മാർക്കറ്റിങ്ങിനായി പരിശീലനവും ലഭിച്ചു. വിവിധതരം കൂണും വയനാട്ടിലെ കർഷകരിൽനിന്ന് നേരിട്ട് വാങ്ങുന്ന ഗുണമേന്മയേറിയ അറബിക്ക കാപ്പിക്കുരുവുമാണ് കോഫി പൗഡർ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്.