കടല മിഠായി വീട്ടിലുണ്ടാക്കാം; ബിസിനസ്സും തുടങ്ങാം
സ്വാദിഷ്ടമായ കടല മിഠായി അഥവാ കപ്പലണ്ടി മിഠായി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. ഇതിന് അധികം പരിശ്രമമൊന്നും വേണ്ട. വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. ചെറിയ തോതിൽ ഉണ്ടാക്കി പരീക്ഷിച്ച് വീട്ടമ്മമാർക്ക് വേണമെങ്കിൽ ഇതിന്റെ ബിസിനസ്സും തുടങ്ങാം. കടലയും ശർക്കരയും മാത്രമെ ഇതിന് ആവശ്യമുള്ളു. സ്വാദ് കൂട്ടാൻ ഏലക്കാ പൊടിയിട്ടുകൊടുക്കാം.
അരക്കിലോ കടല കൊണ്ടാണ് കടല മിഠായി ഉണ്ടാക്കുന്നതെങ്കിൽ ഇതിന് 400 ഗ്രാം ശർക്കര ഉപയോഗിക്കാം. കപ്പലണ്ടി ചീനച്ചട്ടിയിലിട്ട് വറുത്തെടുത്ത് കൈ കൊണ്ട് തിരുമ്മി പരിപ്പ് രണ്ടാക്കി ഇതിന്റെ തൊലിയെല്ലാം മാറ്റി വൃത്തിയാക്കിയെടുക്കണം. 400 ഗ്രാം ശർക്കര പാത്രത്തിലിട്ട് അര ഗ്ലാസ് വെള്ളമൊഴിച്ച് ചൂടാക്കി ശർക്കര അലിയുമ്പോൾ എടുത്ത് ഒരു അരിപ്പയിലൂടെ അരിച്ചെടുക്കണം. അലിയാത്ത ശർക്കരയും മറ്റും വേർതിരിച്ച് മാറ്റാനാണിത്.
പിന്നീട് ഇത് അതേ പാത്രത്തിലൊഴിച്ച് കട്ടിയുള്ള ശർക്കരപ്പാനിയാക്കണം. പാത്രത്തിലൊഴിച്ച് നല്ലപോലെ തിളച്ച് പതഞ്ഞ് കുമിള പൊങ്ങുമ്പോൾ ഇതിന്റെ ഏകദേശ പാകമായി. പരന്ന പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് രണ്ട് തുള്ളി ശർക്കര പാനി അതിലേക്ക് ഒഴിച്ചാൽ അലിഞ്ഞ് വെള്ളത്തിൽ ചേരാതെ കട്ടയായി നിൽക്കണം. ഇത് കൈ കൊണ്ട് ചെറിയ ഉരുളയാക്കാൻ പറ്റും. കൈയിൽ നിന്നു തന്നെ ഇത് കട്ടയായി കല്ലു പോലെയാകുന്നുണ്ടെങ്കിൽ പാകമായി.
ഇനി ശർക്കര പാനിയിലേക്ക് കടല കുറേശ്ശെയിട്ട് നന്നായി ഇളക്കണം. ഇളക്കി കട്ടയാകുമ്പോൾ പരന്ന ഒരു സ്റ്റീൽ പ്ലേറ്റിലേക്കിടണം. സ്റ്റീൽ പ്ലെയിറ്റിൽ കുറച്ച് നെയ്യ് പുരട്ടണം. അടിയിൽ പിടിക്കാതിരിക്കാനാണിത്. കടല – ശർക്കര മിശ്രിതം പ്ലേറ്റിൽ ഒന്നിച്ചാക്കി അമർത്തി വെച്ച ശേഷം. ചപ്പാത്തി പരത്തുന്ന കോലിൽ നെയ്യ് പുരട്ടി മിശ്രിതം പരത്തുക. ഈ സമയത്ത് മുകളിൽ ഏലക്കാപ്പൊടി തൂവി കൊടുക്കണം.
വേണ്ട കനത്തിൽ പരത്തിയ ശേഷം അരികെല്ലാം ഒരു നീളമുള്ള കത്തിയോ മറ്റോ കൊണ്ട് അമർത്തി ചതുരാകൃതിയിലാക്കി കത്തി കൊണ്ട് ഇഷ്ടമുള്ള സൈസിൽ മുറിക്കാം. ചൂടാറുന്നതിനു മുമ്പ് തന്നെ മുറിച്ചില്ലെങ്കിൽ പൊടിഞ്ഞു പോകും. മുറിച്ച് അധികം തണുക്കുന്നതിനു മുമ്പുതന്നെ ഇത് വേർപെടുത്തിയെടുക്കണം. ഒരു കിലോ കപ്പലണ്ടി ഉപയോഗിച്ചാണ് മിഠായി ഉണ്ടാക്കുന്നതെങ്കിൽ മിനുസമുള്ള മരപ്പലകയിലിട്ട് പരത്തണം. മുറിക്കാൻ നീളമുള്ള ഒരു മരക്കഷണം ഉപയോഗിക്കാം.
സ്കെയിലു വെച്ച് മുറിക്കുന്നതു പോലെ ഇവ വേണ്ട സൈസിൽ കഷ്ണമാക്കാം.കടല മിഠായി ബിസിനസ്സായി തുടങ്ങാൻ താല്പര്യമുണ്ടെങ്കിൽ ഇതിന്റെ മിക്സറും ട്രേയും, പരത്തുന്ന സിലിണ്ടറുമെല്ലാം വിപണിയിൽ വാങ്ങാൻ കിട്ടും. ഇവ വിൽക്കുന്ന കമ്പനികളുടെ ഡമോൺസ്ട്രേഷൻ യു ട്യൂബിൽ കാണാൻ പറ്റും.