നാഗ്പുര്‍ സ്റ്റേഷനിൽ തീവണ്ടി കോച്ചിൽ ഹൽദിറാംസ് റസ്റ്റോറൻ്റ്
തീവണ്ടി കോച്ച് ഭംഗിയുള്ള റസ്റ്റോറൻ്റാക്കി മാറ്റി ഭക്ഷണ വില്പന. നാഗ്പുര്‍
റെയിൽവേ സ്റ്റേഷനു മുന്നിലാണ് തീവണ്ടിയുടെ പഴയ കോച്ച് ഫർണിഷ് ചെയ്ത് ഹൽദിറാംസ് റസ്റ്റോറൻ്റാക്കി മാറ്റിയിരിക്കുന്നത്. ‘ഹൽദി റാംസ് എക്പ്രസ്സ് ‘ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
40 പേർക്ക് ഇരിക്കാവുന്ന റസ്റ്റോറൻ്റ് 24 മണിക്കൂറും പ്രവർത്തിക്കും. ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ അടക്കം എല്ലാതരം വിഭവങ്ങളും ഇവിടെ ലഭിക്കും. ഹൽദിറാംസിൻ്റെ ബേക്കറി വിഭവങ്ങളും കിട്ടും. പ്രത്യേക പാർസൽ സെക് ഷനും ഐസ്ക്രീംപാർലറും
ഇതിനൊപ്പമുണ്ട്. ‘തീവണ്ടി റെസ്റ്റോറൻ്റി’ൽ കയറുന്ന മുൻഭാഗത്ത് ആളുകൾക്ക് സെൽഫി എടുക്കാൻ ‘സെൽഫിപോയൻ്റ് ‘ ഭംഗിയായി സജ്ജീകരിച്ചിട്ടുണ്ട്. പഴയ റെയിൽവേ കോച്ച് റസ്റ്റോറൻ്റാക്കാൻ ടെണ്ടർ വിളിച്ചപ്പോൾ അത് ഹൽദി റാംസ് കമ്പനി ഏറ്റെടുക്കുകയായിരുന്നുവെന്ന് നാഗപ്പുർ റെയിൽവേ ഡിവിഷണൽ
മാനേജർ റിച്ച ഖാരെ അറിയിച്ചു. മറ്റു ജില്ലകളിലെ സ്റ്റേഷനുകളിലും ഇത്തരം ഭക്ഷണശാലകൾ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തീവണ്ടി കോച്ചിൻ്റെ രൂപവും നിറവും മറ്റും അതേ രീതിയിൽ തന്നെ നിലനിർത്തിയാണ് ഭക്ഷണ ശാല ഉണ്ടാക്കിയിരിക്കുന്നത്. റെയിലിനു
മുകളിൽ തന്നെയാണ് കോച്ച്. അകത്ത് എൽ.ഇ.ഡി ലൈറ്റുകളോടെ അതി മനോഹരമായിട്ടാണ് റസ്റ്റോറൻ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് കൗതുകം തന്നെയാണ് ഈ റസ്റ്റോറൻ്റ്.