നാൽപ്പത് പശുക്കളെ കറന്ന് നാടാകെ പാൽ
By Jordays Desk
നാൽപ്പത് പശുക്കളെ വളർത്തി നാടാകെ പാൽ നൽകുകയാണ് ക്ഷീരമേഖലയിലെ സംരംഭകനായ ആർ.ബിജു. തിരുവനന്തപുരം ജില്ലയിൽ ആനാട് ഗ്രാമപഞ്ചായത്തിലെ പുത്തൻപാലത്താണ് ബിജുവിന്റെ പശു ഫാം.
മൂന്ന് വർഷം മുമ്പ് തുടങ്ങിയ ഫാമിൽ ഇപ്പോൾ നാൽപ്പത് പശുക്കളും പത്ത് കിടാരികളുമുണ്ട്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ബിജു പിന്നെയൊന്നും ആലോചിച്ചില്ല. സ്വന്തമായി ഒരു തൊഴിൽ കണ്ടെത്തണം. അച്ഛൻ ജി.രത്തിനവും അമ്മ ലീലയും വീട്ടിൽ പശുക്കളെ പരിപാലിക്കുന്നത് കണ്ട് വളർന്ന ബിജുവിന് ഈ സംരംഭത്തിൽ താൽപ്പര്യവുമുണ്ടായിരുന്നു. ഭാര്യ റീജയുടെ അച്ഛൻ ജോണിക്ക് കരകുളത്ത് ഫാമുണ്ട്.
അദ്ദേഹത്തിന്റെ നിർദ്ദേശത്തിലാണ് വീട് നിൽക്കുന്ന പനയ്ക്കോട് നിന്ന് 15 കിലോമീറ്റർ അകലെയുള്ള പുത്തൻപാലത്ത് മൂന്നു വർഷം മുമ്പ് ഫാം ഉയർന്നത്. ഫാം നടത്താൻ ജോണി മുന്നിൽ തന്നെയുണ്ട്. പേരൊന്നും ഇട്ടില്ലെങ്കിലും ജോണിയുടെ ഫാം എന്നാണ് ആളുകൾ പേരിട്ടു വിളിക്കുന്നത്. ഇപ്പോൾ ജഴ്സി, എച്ച്.എഫ്, നാടൻ എന്നീ പശുക്കളാണുള്ളത്. 40 എണ്ണത്തിൽ 15 പശുക്കൾ നാടനാണ്. രണ്ട് ഏക്കർ സ്ഥലമുള്ളതിനാൽ ഫാമിന് ചുറ്റും നേപ്പിയർ ഇനം തീറ്റപ്പുല്ല് വളർത്തിയിരിക്കുകയാണ്. പാട്ടത്തിനെടുത്ത സ്ഥലത്തും തീറ്റപ്പുൽകൃഷി യുണ്ട്.
പച്ചപ്പുല്ല് തന്നെയാണ് പശുക്കൾക്ക് കൊടുക്കുന്നത്. മഴക്കാലത്തും മറ്റും പച്ചപ്പുല്ല് അരിയാൻ ബുദ്ധിമുട്ടു വരുമ്പോൾ മാത്രമേ വൈക്കോൽ കൊടുക്കൂ. ഫാമിൽ കൈക്കറ വയാണ്. ഇതിനായി മൂന്നു തൊഴിലാളികളുണ്ട്. ബിജുവും പാൽ കറക്കും.പുലർച്ചെ രണ്ടരയ്ക്കാണ് കറവ തുടങ്ങുക. ആറരയ്ക്ക് ഇത് തീരും.ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്നു മണി വരെയാണ് കറവ.
ദിവസവും രാവിലെ ശരാശരി 200 ലിറ്ററും ഉചയ്ക്ക് 150 ലിറ്ററുമായി ദിവസം 350 ലിറ്റർ പാൽ കിട്ടും. ഇത് മിൽമ സൊസൈറ്റിക്കാണ് നൽകുന്നത്. നാട്ടിൽ 200 പേർക്കും പാൽ നൽകുന്നുണ്ട്. മിൽമ സൊസൈറ്റിയിൽ 34 രൂപ മുതൽ 40 രൂപ വരെയാണ് വില കിട്ടുക. നാട്ടിൽ ലിറ്ററിന് 50 രൂപയ്ക്കാണ് നൽകുന്നത്. മൂന്ന് തൊഴിലാളികൾക്ക് ദിവസം ആയിരം രൂപ തോതിൽ മൂവായിരം രൂപ കൂലി നൽകണം. പശുക്കൾക്ക് ദിവസം പതിനായിരത്തോളം രൂപയുടെ തീറ്റ വേണം.
കാലിത്തീറ്റ, എള്ള് – പരുത്തി പിണ്ണാക്ക്, ഗോതമ്പ് തവിട് എന്നിവയുടെ മിശ്രിതമാണ് തീറ്റയായി നൽകുന്നത്. എച്ച്.എഫ് ഇനം പശുക്കൾക്ക് ദിവസം 25 ലിറ്റർ വരെ പാൽ കിട്ടും. ജഴ്സി, നാടൻ ഇനങ്ങൾക്ക് 13-15 ലിറ്റർ പാൽ കിട്ടും. ആറ് പശുക്കളുള്ള ചെറിയ ഫാം കൊണ്ട് ഒരു കുടുംബത്തിന് കഴിയാനുള്ള നല്ല വരുമാനം കിട്ടുമെന്ന് ബിജു പറയുന്നു. പക്ഷെ പരിപാലനവും കറവയും സ്വന്തമായിത്തന്നെ ചെയ്യണം.
പണിക്കാരെ നിർത്തിയാൽ നഷ്ടം വരും. പാട്ടത്തിന് എടുത്തിട്ടായാലും പുല്ല് വളർത്തിയെടുത്താൽ വരുമാനം കൂട്ടാം. പശുക്കളുടെ എണ്ണം കൂടുന്തോറും തൊഴിലാളികൾ വേണ്ടിവരും. അപ്പോൾ വരുമാനവും കുറയും. ബിജു ഫാമിൽ കാളകളെയും വളർത്തി വിൽക്കുന്നുണ്ട്. ഒന്നര വർഷം പ്രായമായവയ്ക്ക് ഒന്നേകാൽ ലക്ഷത്തിലേറെ രൂപയ്ക്കാണ് വിൽക്കുന്നത്. ഈ ബിസിനസ്സ് കൂടിയുള്ളതു കൊണ്ടാണ് ഒത്തു പോകുന്നത് – ബിജു പറഞ്ഞു.
ചിത്രങ്ങള്‍: എസ്.ജയകുമാര്‍