അര മണിക്കൂറിനുള്ളിൽ സ്വാദിഷ്ടമായ ചിക്കൻ മോമോസ്
രേഷ്മ ബാലകൃഷ്ണൻ
എണ്ണ അധികം വേണ്ടാത്ത ചിക്കൻ മോമോസ് എളുപ്പം ഉണ്ടാക്കാം. കാൽ കിലോ ചിക്കൻ കൊണ്ടുള്ള മോമോസ് ഉണ്ടാക്കാൻ അര മണിക്കൂർ മതി.
ആവശ്യമായ സാധനങ്ങൾ: ചിക്കൻ ബോൺലെസ് -250 ഗ്രാം, ഒരു സവാള ചെറുതായി അരിഞ്ഞത്, മല്ലിയില അരിഞ്ഞത് – ഒരു ടേബിൾ സ്പൂൺ, സ്പ്രിങ് ഒണിയൻ അരിഞ്ഞത് – ഒരു ടേബിൾ സ്പൂൺ, ഇഞ്ചി പേസ്റ്റ് – ഒരു ടേബിൾ സ്പൂൺ, കുരുമുളകുപൊടി – ഒരു ടീ സ്പൂൺ, സോയ സോസ് – ഒരു ടീസ്പൂൺ – മൈദ – ഒരു കപ്പ്, ഉപ്പ് ആവശ്യത്തിന്.
ഉണ്ടാക്കുന്ന വിധം : എല്ലില്ലാത്ത ചിക്കൻ ചെറുതായി അരിഞ്ഞത് ( ചിക്കൻ കഷണങ്ങൾ മിക്സിയിലിട്ട് ചെറുതായി അടിച്ചെടുത്തതുമാകാം ) ഒരു പാത്രത്തിലിട്ട് ഉപ്പും ചേർത്ത് മുകളിൽ പറഞ്ഞ ചേരുവകൾ ഇട്ട് നന്നായി യോജിപ്പിച്ച് പത്തു മിനുട്ട് മാറ്റി വെക്കുക. മൈദ ഉപ്പിട്ട് ചപ്പാത്തിക്ക് കുഴക്കുന്നതു പോലെ കുഴച്ചെടുക്കുക. ഇത് ചെറിയ ഉരുളകളാക്കി പൂരിക്ക് പരത്തുന്നതു പോലെ കുറേയെണ്ണം പരത്തി വെക്കുക. ഉരുള പരത്തിയതിന് നടുവിലായി ഒരു ചെറിയ പിടി ചിക്കൻ മിക്സ് വെച്ച് ഇതിന്റെ അറ്റം ഞൊറിഞ്ഞെടുത്ത് മുകളിലോട്ട് ചുരുട്ടി വെക്കുക. ഇങ്ങിനെ എല്ലാം ഉണ്ടാക്കി വെച്ച ശേഷം ഇഡലി പാത്രത്തിലോ മറ്റോ വെച്ച് നന്നായി വേവിച്ചെടുക്കുക.
വേണമെങ്കിൽ ചിക്കൻ മിക്സ് ഒരു ചീനചട്ടിയിട്ട് രണ്ട് ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് ചൂടാക്കി വഴറ്റിയെടുത്തും നിറയ്ക്കാം. ഇതിന് മറ്റൊരു സ്വാദാണ്. മോമോസ് റെഡിയായാൽ ഇത് സോസോ ചട്ട്ണിയിലോ മുക്കി കഴിക്കാം.
തിബത്തിന്റെ പ്രിയപ്പെട്ട വിഭവം:
തിബത്തിലെ ജനങ്ങളുടെ ഇഷ്ട വിഭവമാണ് മോമോസ്.തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള ഈ ഭക്ഷണം നേപ്പാൾ, ബൂട്ടാൻ, സിക്കിം, ലഡാക്ക്, ഡാർജ് ലിങ് എന്നിവിടങ്ങളിലേയും ഇഷ്ട വിഭവമാണ്. ചൈനയിലും ഇതിനു സമാന വിഭവം കാണാം. ബൗസ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.