കയറ്റുമതിക്ക് നൂറോളം സഹകരണ സംഘങ്ങള്‍ രംഗത്ത്

വിദേശ കയറ്റുമതിക്കായി  മൂല്യവര്‍ധിത കാര്‍ഷിക ഉല്പന്നങ്ങള്‍ നല്‍കാന്‍ പുതിയതായി നൂറോളം സഹകരണ സംഘങ്ങള്‍കൂടി രംഗത്തുവന്നതായി സഹകരണ മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. നിലവില്‍ ധാരണയായ 30 സഹകരണ സംഘങ്ങള്‍ക്കു പുറമേയാണിതെന്നും മന്ത്രി പറഞ്ഞു.

അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന സഹകരണ വകുപ്പിന്റെ 12 ടണ്‍ വരുന്ന മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ ആദ്യ കണ്ടെയ്‌നര്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ഫ്ളാഗ് ഓഫ് ചെയ്തത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആദ്യഘട്ടമായി മൂന്നു സഹകരണ സംഘങ്ങളുടെ മൂല്യവര്‍ധിത കാര്‍ഷിക ഉല്പന്നങ്ങളാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. തങ്കമണി സഹകരണസംഘത്തിന്റെ തേയിലപ്പൊടി, കാക്കൂര്‍ സഹകരണസംഘത്തിന്റെ ശീതികരിച്ച മരച്ചീനി, ഉണക്കിയ മരച്ചീനി, വാരപ്പെട്ടി സഹകരണസംഘം ഉത്പാദിപ്പിച്ച മസാലയിട്ട മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക എന്നിവയാണ് കയറ്റുമതി ചെയ്യുന്നത്.

കൂടുതല്‍ ഉല്പന്നങ്ങള്‍ അടുത്ത ഘട്ടത്തില്‍ കയറ്റുമതി ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട 30 സഹകരണ സംഘങ്ങള്‍ക്ക് കുമരകത്ത് സര്‍ക്കാര്‍ പരിശീലനവും നല്‍കി.  ഇവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉറപ്പാക്കുന്നതിന് അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് നബാര്‍ഡിന്റെ സഹായത്തോടെ കേരള ബാങ്ക് പ്രാഥമിക സംഘങ്ങള്‍ക്ക് ഒരു ശതമാനം പലിശയ്ക്ക് രണ്ടു കോടി രൂപ വരെ ഏഴ് വര്‍ഷക്കാലയില്‍ വായ്പ നല്‍കുന്നുണ്ട്.

സര്‍ക്കാര്‍ സബ്‌സിഡിയോടെയാണിത്. ഗോഡൗണ്‍ നിര്‍മ്മിക്കുന്നതിനും മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ക്കു ശീതികരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുമാണ് രണ്ടു കോടി രൂപ വീതം നല്‍കുന്നത്. കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൊച്ചിയില്‍ ഓഫീസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കോതമംഗലം ആസ്ഥാനമായുള്ള മഠത്തില്‍ എക്‌സ്‌പോര്‍ട്ടേഴ്‌സിനാണ് ഉല്‍പന്നങ്ങള്‍ വിദേശ വിപണിയില്‍ എത്തിക്കാന്‍ ചുമതല നല്‍കിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഷിപ്പിങ് സി ആൻ്റ് എഫ് ഏജന്റ്‌സായ മള്‍ട്ടി ഡയമെന്‍ഷല്‍ ഫ്രൈറ്റ് എല്‍.എല്‍.പി(എം.ഡി.എഫ്) ആണ് ഷിപ്പിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത്.

ഏറമല സഹകരണ സംഘത്തിന്റെ തേങ്ങാപ്പാല്‍,  മറയൂര്‍ ശര്‍ക്കര, മാങ്കുളം ഫാഷന്‍ ഫ്രൂട്ട്, അഞ്ചരക്കണ്ടി സഹകരണ സംഘത്തിന്റെ മൂല്യവര്‍ധിത ഉല്പന്നങ്ങള്‍, തേങ്ങാപ്പാല്‍, വെളിച്ചെണ്ണ, ആലങ്ങാടന്‍ ശര്‍ക്കര എന്നിവയും അടുത്ത ഘട്ടത്തില്‍ കയറ്റുമതി ചെയ്യും- മന്ത്രി പറഞ്ഞു.

സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടി.വി സുഭാഷ്, കയറ്റുമതി കോ ഓഡിനേറ്റര്‍ എം.ജി രാമകൃഷ്ണന്‍,  കാക്കൂര്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് അനില്‍ ചെറിയാന്‍,  മഠത്തില്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് പ്രതിനിധികള്‍, മള്‍ട്ടി ഡയമെന്‍ഷല്‍ ഫ്രൈറ്റ് എല്‍.എല്‍.പി (എം.ഡി.എഫ്) പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *