മേഖലാതല അവലോകന യോഗങ്ങൾ പൂർത്തിയായി
വികസന വിഷയങ്ങൾ താഴെ തട്ടിലേക്ക് ഇറങ്ങി ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്നതിനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള മേഖലാതല അവലോകന യോഗങ്ങൾ പൂർത്തിയായി. നാല് മേഖലകളിൽ അവസാനത്തേതാണ് കോഴിക്കോട് മേഖലാതല അവലോകന യോഗം.
കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ വിവിധ വികസന പദ്ധതികൾക്ക് സമയബന്ധിത നിർവഹണം ഉറപ്പാക്കുന്നതിനാണ് അവലോകന യോഗം. മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ, റോഷി അഗസ്റ്റിൻ, ആന്റണി രാജു, ജെ. ചിഞ്ചു റാണി, ആർ. ബിന്ദു, പി. പ്രസാദ്, പി. രാജീവ്, കെ. രാധാകൃഷ്ണൻ, സജി ചെറിയാൻ, വി. ശിവൻകുട്ടി, വി.എൻ വാസവൻ, പി.എ മുഹമ്മദ് റിയാസ്, വീണാ ജോർജ്, കെ.എൻ ബാലഗോപാൽ, എം.ബി രാജേഷ്, ജി.ആർ. അനിൽ, വി. അബ്ദുറഹിമാൻ, ചീഫ് സെക്രട്ടറി ഡോ. വി.വേണു, ഡി.ജി.പി ഷെയ്ക്ക് ദർവേഷ് സാഹിബ്, നാലു ജില്ലകളിലെ ജില്ലാ കളക്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപാത, മാലിന്യമുക്തകേരളം, ഹരിതകേരളം മിഷൻ, ദാരിദ്ര്യനിർമാർജനം, ലൈഫ് മിഷൻ, സമഗ്ര വിദ്യാഭ്യാസ പുനരുജ്ജീവന പരിപാടി, ജൽജീവൻ മിഷൻ, ആർദ്രം മിഷൻ, ഇൻറർനാഷനൽ റിസർച്ച് സെൻറർ ഫോർ ആയുർവേദ, കോവളം-ബേക്കൽ ഉൾനാടൻ നാവിഗേഷൻ, നാല് ജില്ലകളുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ എന്നിവ ചർച്ച ചെയ്തു.
അവലോകന യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മാലിന്യമുക്ത നവകേരളം പ്രതിജ്ഞ ചൊല്ലി. പുതിയ രീതിയിൽ ഉള്ള ഭരണ രീതിശാസ്ത്രം പ്രായോഗികമായി അവതരിപ്പിക്കുകയാണ് മേഖലാതല അവലോകന യോഗങ്ങളിലൂടെ ചെയ്യുന്നതെന്ന് ചീഫ് സെക്രട്ടറി ഡോ. വി.വേണു, പറഞ്ഞു.
നാല് ജില്ലകളിലെ വിവിധ പദ്ധതികളുടെ ജില്ലകളിലെ പദ്ധതികളുടെ പുരോഗതിയും പരിഹാരം കാണേണ്ട വിഷയങ്ങളും ജില്ലാ കളക്ടർമാരായ എ. ഗീത (കോഴിക്കോട്), എസ്. ചന്ദ്രശേഖർ (കണ്ണൂർ), ഡോ. രേണുരാജ് (വയനാട്), കെ. ഇമ്പശേഖരൻ (കാസർകോട്) എന്നിവർ അവതരിപ്പിച്ചു.
അതിദാരിദ്ര്യ നിർമ്മാർജനം, മാലിന്യമുക്ത നവകേരളം, ഹരിത കേരളം മിഷൻ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതി അവതരണം തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നിർവഹിച്ചു. വിദ്യാ കിരണം പദ്ധതി പുരോഗതി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് അവതരിപ്പിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് ലൈഫ് മിഷൻ പദ്ധതി അവതരണം നടത്തി. ജല വിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അശോക് കുമാർ സിംഗ് ജലജീവൻ മിഷൻ പദ്ധതി അവതരിപ്പിച്ചു. മലയോര ഹൈവേ തീരദേശ ഹൈവേ പദ്ധതികളുടെ പുരോഗതി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു അവതരിപ്പിച്ചു. ഫോട്ടോ: അവലോകന യോഗത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ കെ.രാജൻ, അഹമ്മദ് ദേവർകോവിൽ, പി.എ.മുഹമ്മദ് റിയാസ്, എന്നിവരും എത്തുന്നു.