വെള്ളം ഇങ്ങനെ കളയല്ലേ…
കൊറോണയെപേടിച്ച് വീട്ടിൽ എല്ലാവരും പല തവണ വാഷ്ബേസിനടുത്തു പോയി കൈ കഴുകുകയാണ്.ബാത്ത് റൂമിലും തിരക്കാണ്. കൊറോണയെ പ്രതിരോധിക്കാൻ ലോക്ഡൗണായപ്പോൾ മുതൽ വീട്ടിൽ വെള്ളത്തിന് ചെലവും കൂടി. വെള്ളവും വൈദ്യുതിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ട കാലമാണിത്. ഇപ്പോൾ പകൽലും രാത്രി വൈകിയും നാം വെള്ളം ഉപയോഗിക്കുയാണ്. വെള്ളത്തിന്റെ ഉപയോഗം കൂടുന്നതിനാൽ വൈദ്യുതി ചാർജും ഇരട്ടിയാകും. വെള്ളം ടാങ്കിലടിക്കുന്ന പമ്പ് പതിവിലധികം പ്രവർത്തിപ്പിക്കേണ്ടി വരുന്നതിനാലാണിത്.
കുടിക്കാനും പാചകം ചെയ്യാനും നാം വളരെക്കുറച്ച് വെള്ളമേ ഉപയോഗിക്കുന്നുള്ളു.വെള്ളത്തിന്റെ 70 ശതമാനവും വസ്ത്രങ്ങൾ അലക്കാനും അടുക്കളയിലും കുളിമുറിയിലുമാണ് ഉപയോഗിക്കുന്നത്.
വേനൽക്കാലമാണ്, വെള്ളം പിശുക്കി ഉപയോഗിച്ചില്ലെങ്കിൽ കുടിവെള്ള ക്ഷാമമുണ്ടാകും. വെള്ളം വീടുകളിൽ എത്തിക്കാനും ഇപ്പോൾ ബുദ്ധിമുട്ടാണ്.
വെള്ളം ലാഭിക്കാനുള്ള വഴികൾ
വാഷ്ബേസിനിൽ പൈപ്പ് തുറന്ന് കൈകഴുകുകയും പല്ലു തേക്കുകയും ചെയ്യുന്നത് ജലനഷ്ടമുണ്ടാക്കും. പകരം ഒരു പാത്രത്തിൽ വെള്ളം നിറച്ച് കപ്പു കൊണ്ട് കോരി കഴുകുക. വാഷ്ബേസിനടുത്തും അടുക്കളയിലെ സിങ്കിനരികിലും വലിയ പാത്രത്തിൽ വെള്ളം ശേഖരിച്ച് കൈ കൊണ്ട് കോരി പാത്രങ്ങൾ കഴുകുക. ഇത് ബുദ്ധിമുട്ടായി തോന്നുന്നുവെങ്കിൽ പൈപ്പ് പകുതി മാത്രം തുറന്ന് വെള്ളം ഉപയോഗിക്കുക. കക്കൂസിൽ മൂത്രമൊഴിച്ച് ക്ലോസെറ്റിലെ സ്വിച്ച് അമർത്തുമ്പോൾ 5-10 ലിറ്റർ വെള്ളം മാണ് ഒഴുകി പോവുക.എന്നാൽ ആധുനിക ക്ലോസെറ്റുകളിൽ കുറച്ച് വെള്ളം മാത്രം പുറത്തു വരാനായി മറ്റൊരു സ്വിച്ചും കാണാം. പണ്ടത്തെ ക്ലോസെറ്റാണെങ്കിൽ അതിന്റെ വെളളം നിറയുന്ന ടാങ്കിൽ ഒന്നോ രണ്ടോ വെള്ളം നിറച്ച വലിയ കുപ്പികൾ താഴ്ത്തിവെക്കാം. അപ്പോൾ ഇത്രയും വെള്ളം ലാഭിക്കാൻ കഴിയും. ബാത്ത് റൂമിൽ വെള്ളം കപ്പു കൊണ്ട് കോരി ഒഴിക്കാൻ ശീലിക്കുകയാണ് വേണ്ടത്.വസ്ത്രങ്ങൾ കൂട്ടിവെച്ച് വാഷിംഗ് മെഷീനിൽ ഒന്നിച്ച് അലക്കിയാൽ വെള്ളം ലാഭിക്കാം. സോപ്പ് പൊടിയുടെ ഉപയോഗവും കുറക്കുക. മാത്രമല്ല കൂടുതൽ പതയുന്ന തരത്തിലുള്ള സോപ്പുപൊടി വാങ്ങാനും പാടില്ല.
വസ്ത്രങ്ങൾ ബക്കറ്റിലാണ് അലക്കുന്നതെങ്കിൽ അവസാനം കഴുകി ബാക്കി വരുന്ന വെള്ളം കളയാതെ തറ തുടയ്ക്കാൻ ഉപയോഗിക്കാം. ഇത് മറ്റ് ക്ലീനിങ്ങ് ആവശ്യത്തിനും ഉപയോഗിക്കാം. വാഹനങ്ങൾ ഓടിക്കാതെ നിർത്തിയിടുന്നതിനാൽ രണ്ടു ദിവസത്തിലൊരിക്കൽ പൊടി തട്ടി വൃത്തിയാക്കുക. കഴുകാൻ ഉദ്ദേശിക്കുന്നുവെങ്കിൽ വെള്ളം സ്പ്രേ ചെയ്ത് തുണികൊണ്ട് തുടക്കുക. ചെടികൾക്ക് ഒരുപാട് വെള്ളം ഒഴിക്കുന്നത് നിർത്തി രാവിലെയും വൈകുന്നേരവും വളരെ കുറച്ച് വെള്ളം നനയ്ക്കുക.
വൈദ്യുതി ലാഭിക്കാം
ആളുള്ള മുറിയിൽ മാത്രം ലൈറ്റ് ”എന്ന ആശയം നടപ്പാക്കുക. മുറിയിൽ നിന്നിറങ്ങുമ്പോൾ ഫാനും ലൈറ്റും ഓഫാക്കുക. രാത്രി വീടിനു മുന്നിലെയും ഗെയിറ്റിലേയും ലൈറ്റുകൾ ഓഫാക്കുക. വരാന്തയിൽ മാത്രം ഒരു ലൈറ്റിടുക. ഇസ്തിരിയിടുന്നത് കുറയ്ക്കുക. ഫ്രിഡ്ജ് രാത്രി അല്പസമയം ഓഫാക്കുക.
ഫ്രിഡ്ജിൽ വലിയ സ്റ്റീൽ പാത്രങ്ങൾ, തേങ്ങാമുറി എന്നിവ വെക്കുന്നത് ഒഴിവാക്കിയാൽ വൈദ്യുതി ഉപയോഗം കുറയും എ.സി. ഉപയോഗിക്കുന്നത് കുറക്കുക. രാത്രി എ.സി. മുറി തണുത്താൽ പിന്നീട് ഇത് ഓഫാക്കി ഫാൻ മാത്രം ഉപയോഗി
വാട്ടർ ടാങ്കിൽ വൈദ്യുതി പമ്പു കൊണ്ട് വെള്ളം നിറയ്ക്കുമ്പോൾ സമയത്ത് തന്നെ മോട്ടോർ ഓഫാക്കുക. പകൽ മുറിയിൽ ലൈറ്റിടാതെ ജനവാതിലുകൾ തുറന്നിട്ടാൽ കാറ്റും വെളിച്ചവും കടക്കും. മാത്രമല്ല സൂര്യ പ്രകാശത്തെ ഉപയോഗപ്പെടുത്താനായാൽ വൈദ്യുതിയിൽ കുറവു വരുത്താം. ഇത്രയും കാര്യങ്ങൾ നടപ്പിലാക്കിയാൽ വീട്ടിലെ വൈദ്യുതി ഉപയോഗം പകുതിയായി കുറക്കാം. പണവും ലാഭിക്കാം.