സമുദ്ര മലിനീകരണത്തിനെതിരെ മാലിന്യങ്ങൾ കൊണ്ട് സ്തൂപം
സമുദ്ര മലിനീകരണത്തിനെതിരെ സന്ദേശമുയർത്തി കോഴിക്കോട്
ബീച്ചിൽ നിന്നും ശേഖരിച്ച മാലിന്യങ്ങൾ കൊണ്ട് 2022 ആകൃതിയിൽ സ്തൂപം. ജില്ലാ ഭരണകൂടത്തിന്റെയും
ഗ്രീൻ വേംസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സ്തൂപം സ്ഥാപിച്ചത്. ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി അനാഛാദനം ചെയ്തു.
ഓരോ ദിവസവും എട്ട് ദശ ലക്ഷം പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിൽ എത്തിച്ചേരുന്നുണ്ടെന്നാണ് കണക്ക്. ആവാസവ്യവസ്ഥയെ തന്നെ താറുമാറാക്കുന്ന മാലിന്യങ്ങളിൽ നിന്നും കടലിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി
സംഘടിപ്പിച്ചത്. ഈ പുതുവർഷത്തിൽ പഴയ ശീലങ്ങൾ വെടിയാം, നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വമാകട്ടെ എന്ന ആശയം മുൻനിർത്തിയാണ് പരിപാടി. അതിന്റെ ഭാഗമായാണ് സ്തൂപവും സന്ദേശ ബോർഡും സ്ഥാപിച്ചത്.
കോർപ്പറേഷൻ ആരോഗ്യ വിഭാഗം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനോജ്, ഗ്രീൻ വേംസ് സി.ഇ.ഒ. ജാബിർ കാരാട്ട്, ഗ്രീൻ വേംസ് വളന്റിയർമാർ, കലക്ടറുടെ ഇന്റേൺസ്, ജെ.ഡി.ടി. പോളിടെക്നിക് കോളേജ് എൻ.എസ്.എസ്. വളന്റിയർമാർ തുടങ്ങിയവർ ശുചീകരണ
പ്രവർപ്രവർത്തനത്തിന് നേതൃത്വം നൽകി. ശേഖരിച്ച മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകൾ, ബോട്ടിലുകൾ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, അലൂമിനിയം കണ്ടെയിനറുകൾ, പേപ്പർ കപ്പുകൾ, ചെരുപ്പ്, തെർമാക്കോൾ, തുണി എന്നിവ ഇനങ്ങളായി തിരിച്ച് സംസ്കരണ ശാലയ്ക്ക് കൈമാറി.