1914 ടൺ മാലിന്യം വിറ്റ് ഹരിത കർമ്മസേന നേടിയത് 46 ലക്ഷം

അജൈവമാലിന്യം ക്ലീൻ കേരള കമ്പനിക്ക് നൽകിയതിലൂടെ തൃശ്ശൂർ ഹരിതകർമ്മ സേനയ്ക്ക് കിട്ടിയത് 46,54,758 രൂപ. അജൈവമാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലീൻ കേരള കമ്പനി ജനുവരി മുതൽ നവംബർ വരെ തൃശ്ശൂർ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് നീക്കം ചെയ്തത് 1914 ടൺ അജൈവ മാലിന്യമാണ്. 568.266 ടൺ തരംതിരിച്ച പ്ലാസ്റ്റിക്, 89.935 ടൺ ചില്ല് മാലിന്യം, 21.40 ടൺ ഇ-വേസ്റ്റ്, 1234.46 ടൺ നിഷ്‌ക്രിയമാലിന്യം എന്നിവ ജില്ലയിലെ വിവിധ ഇടങ്ങളിൽനിന്ന് നീക്കംചെയ്തു. 

ഏറ്റവും കൂടുതൽ മാലിന്യങ്ങൾ തരംതിരിക്കൽ നടക്കുന്നത് തൃശ്ശൂർ കോർപറേഷനിലാണ്. തദ്ദേശ സ്ഥാപനങ്ങളെ സെക്ടറുകളാക്കി തിരിച്ച് കൃത്യമായ ഷെഡ്യൂൾ പ്രകാരമാണ് ക്ലീൻ കേരള കമ്പനി അജൈവ മാലിന്യശേഖരണം നടത്തുന്നത്. സർക്കാർ സ്ഥാപനങ്ങളിലെ ഖരമാലിന്യ ശേഖരണത്തിന്റെ ഭാഗമായി റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി ക്ലീൻ കേരള കമ്പനി പറവട്ടാനി ഫോറസ്റ്റ് ഓഫീസിൽ മാലിന്യസംഭരണ കേന്ദ്രങ്ങൾ(എം.സി.എഫ്) സ്ഥാപിക്കുകയും പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു.

തൃശ്ശൂർ സിവിൽ സ്റ്റേഷൻ, മെഡിക്കൽ കോളേജ്, രാമവർമപുരം പൊലീസ് അക്കാദമി, കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളിലെ എം.സി.എഫ് നിർമ്മാണം അവസാന ഘട്ടത്തിലാണ്. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ സംസ്ഥാനത്തെ ആദ്യ ജില്ലാ റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആർ. ആർ.എഫ്) നിർമ്മാണം ഈ മാസത്തോടെ പൂർത്തിയാക്കുമെന്ന് ക്ലീൻ കേരള മാനേജിംഗ് ഡയറക്ടർ ജി. കെ. സുരേഷ്‌കുമാർ പറഞ്ഞു. ഇതോടെ ജില്ലയിലെ മാലിന്യശേഖരണം, സംസ്കരണം, കൈയൊഴിയൽ എന്നിവ വേഗത്തിലാക്കാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *