വിഷുക്കാലം, ഓർമ്മകളുടെ പൂക്കാലം
കെ.കെ.മേനോന്‍
വിഷുക്കാലങ്ങളുടെ നല്ല ഓർമ്മകൾ അയവിറക്കുമ്പോൾ എവിടെയൊക്കെയോ ചില നൊമ്പരങ്ങളുടെ അടയാളപ്പെടുത്തലുകൾ ഓർമ്മിച്ചെടുക്കാനാവും.
ഓരോ വിഷുക്കാലമാവുമ്പോഴേക്കും കൂടെയുണ്ടായിരുന്നവർ പലരും ഒരു യാത്ര പോലും പറയാൻ നിൽക്കാതെ കാലയവനികക്കുള്ളിൽ മറഞ്ഞു പോയി എന്ന ദുഃഖസത്യം ഓർത്തുപോകുന്നു. വിഷുക്കണിയും വിഷുക്കൈനീട്ടവും പടക്കം പൊട്ടിക്കലും ഇന്ന് വെറും ചടങ്ങുകളായി മാത്രം മാറിയിരിക്കുന്നു. കുറെ പേർക്കെങ്കിലും അവയെല്ലാം ഒരു പിടി ഓർമ്മകൾ മാത്രം.
ചില ഓർമ്മകൾ അണയാത്ത നാളങ്ങളായി നമ്മുടെ മനസ്സുകളിൽ എപ്പോഴും ജ്വലിച്ചു കൊണ്ടേയിരിക്കും. അത്തരം സ്മരണകൾ അയവിറക്കുമ്പോൾ കാലത്തിന്റെ അതിവേഗത്തിലുള്ള ഒഴുക്കിനെ കുറിച്ച് നമ്മൾ ബോധവാന്മാരാകുന്നു.
വളർത്തി വലുതാക്കിയ അച്ഛനമ്മമാർ, നമ്മൾക്ക് ചുറ്റും എപ്പോഴും കൂട്ടായിരുന്ന നമ്മുടെ മുത്തശ്ശിമാർ, കാരണവന്മാർ തുടങ്ങി പഴയ നാലുകെട്ടിന്റെ ഇരുട്ട് പരന്ന അകത്തളങ്ങളിൽ സ്നേഹം മാത്രം പകർന്നു നൽകിയിരുന്ന മുതിർന്ന കുടുംബാംഗങ്ങൾ. അവരെല്ലാം കാല യവനികക്കുള്ളിൽ മറഞ്ഞു.
ഓർമ്മകളുടെ പൂന്തോട്ടത്തിൽ നമുക്ക് ഇഷ്ടപ്പെടുന്ന പൂക്കളാണ് ഏറ്റവും പ്രിയപ്പെട്ട ഓർമ്മകൾ. അവ എന്നും വാടാതെ നിറസൗരഭ്യത്തോടെ നമ്മുടെ മനസ്സുകളിൽ പൂത്തുലഞ്ഞുനിൽക്കുന്നു. വിഷുക്കണി കണ്ടതിനു ശേഷം വിഷുക്കൈനീട്ടത്തിന് അക്ഷമയോടെയുള്ള കാത്തിരിപ്പ്. അതുകഴിഞ്ഞ് വിഷുക്കണിക്ക് മുന്നിൽ ഇരുന്നുകൊണ്ട് മൂത്ത സഹോദരി പാടാറുള്ള “കേശാദിപാദം തൊഴുന്നേൻ ” എന്ന ഗാനവും ആ വിഷുക്കാലത്തിന്റെ മായാത്ത ഓർമ്മകളായി മനസ്സിൽ അവശേഷി.ക്കുന്നു.
വിഷുവിന് വീട്ടിൽ വരാറുള്ള അടുത്ത ബന്ധുക്കൾ പടക്കം വാങ്ങിക്കൊണ്ടുവന്ന് എന്റെ കയ്യിൽ തരാറുള്ളത് ഇന്നും ഞാൻ ഓർക്കുന്നു. ആ കാലങ്ങളിൽ വീട്ടിൽ സ്ഥിരമായി പശുക്കളെ വളർത്താറുണ്ടായിരുന്നു. പശുക്കുട്ടികളുടെ കഴുത്തിൽ കുടമണികൾ കെട്ടി അവയുടെ നെറ്റിയിൽ കുങ്കുമമണിയിച്ച് അവരുമായി തൊടിയിൽ ഓടിനടന്ന് കളിക്കുക ബാല്യകാല വിനോദമായിരുന്നു.
പശുവിൻ പാലിൽ തയ്യാറാക്കിയ പാൽപ്പായസം ആയിരുന്നു വിഷു സ്സദ്യയുടെ പ്രധാന ആകർഷണം. നാവിൽ വെള്ളമൂറി കൊതിയോടെ പായസം കഴിക്കാൻ കാത്തിരുന്ന സമയങ്ങൾ ഇന്നലെ കണ്ട സ്വപ്നം പോലെ മനസ്സിൽ മിന്നിമറയുന്നു.
ഗുരുവായൂരപ്പന് പൂജിക്കാതെ ഞങ്ങൾക്കാർക്കും പായസം ലഭിക്കാറില്ല എന്നൊക്കെയാണെങ്കിലും ആരും കാണാതെ എനിക്കായി കുറച്ചു പായസം മാറ്റിവെച്ച് നൽകാറുള്ള അച്ഛമ്മയെ ഒരു നൊമ്പരത്തോടെ മാത്രമേ ഓർക്കുവാൻ കഴിയു. നിസ്സീമമായ ആ സ്നേഹം മതിയാവോളം അനുഭവിച്ച് വളർന്ന ബാല്യകാലങ്ങൾ വർണ്ണനാതീതമാണ് എന്ന് പറയട്ടെ.
അല്ലലറിയാത്ത ബാല്യകൗമാര കാലങ്ങൾ. മറക്കാനാവാത്ത സ്കൂൾ ജീവിതവും എന്നും ഓർമ്മിക്കുവാൻ ആഗ്രഹിക്കുന്ന കുറേ നല്ല സമയങ്ങൾ കാഴ്ച വെച്ച ആ നാലുകെട്ടിലെ ജീവിതവും…കൂടെ കടിഞ്ഞൂൽ പ്രണയത്തെ കുറിച്ചുള്ള മധുര സങ്കൽപ്പങ്ങളും… എല്ലാം ബാക്കിവെച്ച് ആ കാലങ്ങൾ അതിവേഗം കടന്നു പോയിരിക്കുന്നു.
ഒരു പിടി മധുരനൊമ്പരപ്പൂക്കളുടെ പൂക്കൂട മനസ്സിന്റെ പടിവാതിൽക്കൽ തുറന്നുവെച്ച് എങ്ങോ പറന്നുപോയ ഓർമപ്പക്ഷികൾ. അവയെല്ലാം വീണ്ടും മനസ്സിന്റെ വാതായനങ്ങളിൽ വന്നെത്തിനോക്കുന്നു.ആ കാലങ്ങളെ വീണ്ടും ഓർമിപ്പിച്ചുകൊണ്ട്.
” കാലത്തിനേറെ വാശിയാണത്രേ കാരണം ഭൂതകാലത്തെ തിരികെ തരാൻ കാലം തയ്യാറല്ല. ഇത് കാലം തീർപ്പാക്കുന്ന സത്യമാണ് “വൈലോപ്പിള്ളിയുടെ വിഷുക്കണി എന്ന കവിതയിലെ വരികൾ ഈ വിഷുക്കാലത്ത് നമുക്ക് ഓർത്തെടുക്കാം..
‘ഏത് ധൂസര സങ്കല്പങ്ങളിൽ വളർന്നാലും
ഏതു യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും
മനസ്സിൽ ഉണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും'(എച്ച്.എം.വി.യിൽ തുടങ്ങി മൂന്നു പതിറ്റാണ്ട് മ്യൂസിക്ക് ഇൻഡസ്ട്രിയിൽ സജീവമായിരുന്ന കെ.കെ.മേനോന്‍ എ.ബി.സി.എൽ. ജനറൽ മനേജറായിരുന്നു. ചെർപ്പുളശ്ശേരി സ്വദേശി. എഴുത്തുകാരന്‍, ഇപ്പോൾ ചെന്നൈയിൽ താമസം. പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. )
Nicely recollected the sweet memories of our “Kuttikkalam”






Thank u. Glad you enjoyed reading the article

നമ്മുടെ സ്വന്തം പറമ്പില്‍ വളര്‍ന്നിരുന്ന, വിടര്‍ന്നിരുന്ന കൊന്നപ്പൂക്കളും കണിവെള്ളരിയും കൈതച്ചക്കയുമൊക്കെ വച്ച് വിഷു ആഘോഷിരുന്ന നാം, സൂപ്പര്‍മാര്‍ക്കറ്റിലെ വിഷുകിറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇങ്ങനെയായിരുന്നു നന്മയുടെ വിഷുക്കണി എന്നോര്‍മ്മപ്പെടുത്തിയ നല്ലെഴുത്ത്!
Memories have been recalled aptly & many of us feel the emptiness as you explained. It’s all the game of TIME which doesn’t wait for sny one. People of our age group wishes to be reborn to undo the mistakes we had committed and redraw the life once again fully knowing it’s impossible. Feel of spent life which cant be recalled in fact is a horror. Let’s dedicate the balance at least in the feet of Guruvayurappan hoping the best of thoughts & happiness.
ദുഃഖസാഗരമായ ഈ ജീവിതത്തിൽ വിഷുവിന്റെ നല്ലൊർമ്മകൾ മനസ്സിൽ ഉണർത്തി അല്പം കുളിരുപക ർന്നതിൽ നന്ദി സമാധാനവും സംതൃപ്തിയും നിറഞ്ഞ നല്ല നാളെകൾ നേർന്നു കൊണ്ട്


Enjoyed travelling through the memory lane. Well narrated