കൂട്ടായ പ്രവര്‍ത്തനം മത്സ്യമേഖലയെ ശക്തിപ്പെടുത്തും- പര്‍ഷോത്തം രൂപാല

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനം മത്സ്യമേഖലയെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രി പര്‍ഷോത്തം രൂപാല പറഞ്ഞു. സാഗര്‍ പരിക്രമ  യാത്ര ഏഴാം ഘട്ടത്തിലെ ഗുണ ഭോക്തൃ സംഗമം കാസര്‍കോട്  ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യ മേഖലയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യങ്ങളും നിര്‍ദേശങ്ങളും അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

മത്സ്യമേഖലയിലെ വെല്ലുവിളികളും പ്രശ്‌നങ്ങളും പരിഹാരങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ ഫിഷറീസ് മന്ത്രിമാരുമായി ചേര്‍ന്ന് മഹാബലി പുരത്ത് രണ്ട് ദിവസത്തെ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. മൂന്നു ദിവസങ്ങളിലായി കേരളത്തിലെ മത്സ്യ മേഖലകള്‍ സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ മനസിലാക്കും. അതനുസരിച്ച് മേഖലയുടെ സമഗ്ര വികസനത്തിന് നടപടികള്‍ നടപടികള്‍ ക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

എണ്ണായിരത്തിലധികം കിലോമീറ്റര്‍ കടല്‍ യാത്ര ചെയ്ത് ഇതാദ്യമായാണ് ഒരു കേന്ദ്ര മന്ത്രി തീരമേഖലയുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്ര സഹമന്ത്രി ഡോ. എല്‍ മുരുകന്‍ പറഞ്ഞു. ഇനിയും 4000 കിലോമീറ്റര്‍ സഞ്ചരിക്കാനുണ്ട് ഇന്ത്യയുടെ തീര മേഖല പൂര്‍ത്തിയാക്കാനെന്നും മീന്‍ കയറ്റുമതിയുടെ കാര്യത്തില്‍ മുന്നിലെത്താന്‍ നമ്മെ സഹായിക്കുന്നത് കടലിന്റെ മക്കളാണെന്നും അവരുടെ ക്ഷേമം പ്രധാനമാണെന്നും എല്‍.മുരുകന്‍  പറഞ്ഞു.

സാഗര്‍ പരിക്രം യാത്രയ്ക്ക് മുന്‍പേ ഫിഷറീസ് വകുപ്പ് 47 മണ്ഡലങ്ഹളില്‍ തീര സദസ്സ് നടത്തി തീര ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും മത്സ്യതൊഴിലാളികളും സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാരങ്ങള്‍ കണ്ട് വരികയാണെന്ന് ഫിഷറീസ് സാംസ്‌ക്കാരികം യുവജന കാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

കാസര്‍കോട് ചെറുവത്തൂര്‍ ഫിഷിങ് ഹാര്‍ബറിന്റെ വികസനത്തിന് തയ്യാറാക്കിയ 40 കോടി രൂപയുടെ പദ്ധതി രൂപരേഖ, ചെറുവത്തൂര്‍ ഉള്‍പ്പെടെ മൂന്ന് മത്സ്യ ബന്ധന ഡ്രഡ്ജിങ്ങിനുള്ള 520 ലക്ഷം രൂപയുടെ പദ്ധതി രേഖ, നീലേശ്വരം മത്സ്യബന്ധന കേന്ദ്രത്തിന്റെതുള്‍പ്പെടെ നാല് മത്സ്യബന്ധന കേന്ദ്രളുടെ വികസനത്തിനായുള്ള 2275 ലക്ഷം രൂപയുടെ പദ്ധതി രേഖ എന്നിവ മന്ത്രി സജി ചെറിയാന്‍ കേന്ദ്ര ഫിഷറീസ് മന്ത്രി പരുഷോത്തം രൂപാലയ്ക്ക് കൈമാറി.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കടല്‍ തീരമുള്ള ഒരു മണ്ഡലമാണ് കാസര്‍കോടാണെന്നും കാസകോടിന്  മത്‌സ്യ വിഭവങ്ങള്‍ സംസ്‌കരിക്കുന്നതിനും മാര്‍ക്കറ്റ് ചെയ്യുന്നതിനും ആവശ്യമായ സൗകര്യങ്ങള്‍ലഭ്യമാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും  ആവശ്യമായ പ്രോത്സാഹനം നല്‍കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.

പ്രധാന്‍ മന്ത്രി മത്സ്യ സമ്പദ യോജനയില്‍ ഉള്‍പ്പെടുത്തി പതിനാറു ലക്ഷത്തിലധികം രൂപയുടെ ധനസഹായം ചടങ്ങില്‍ വിതരണം ചെയ്തു.14 പേര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളും വിതരണം ചെയ്തു. മന്ത്രി  സജി ചെറിയാന്‍  അദ്ധ്യക്ഷനായി.

Leave a Reply

Your email address will not be published. Required fields are marked *