തെരുവിൽ കഴിയുന്നവർക്ക് സ്നേഹത്തണലായി ഉദയം ഹോം
തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി കോഴിക്കോട്ട് പണിത ഉദയം ഹോം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രണ്ടു കോടിയോളം രൂപ ചെലവിലാണ് ചേവായൂർ ത്വക്‌രോഗ ആശുപത്രി വളപ്പിൽ പുതിയ കെട്ടിടം ഒരുക്കിയിരിക്കുന്നത്. ആശുപത്രി വളപ്പിൽ നേരത്തേയുണ്ടായിരുന്ന കെട്ടിടങ്ങൾ പൂർണമായും നവീകരിച്ചും ചിലത് പുതുതായി നിർമ്മിച്ചുമാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. കോവിഡ് മഹാമാരിക്കിടെ എല്ലാവരും സുരക്ഷിതരായി വീടുകളിൽ കഴിയുമ്പോൾ തെരുവിന്റെ അരക്ഷിതത്വത്തിൽ കഴിയേണ്ടി വരുന്നവരുണ്ട്. തലചായ്ക്കാനൊരിടമോ കഴിക്കാൻ ആഹാരമോ ഉടുക്കാൻ നല്ല വസ്ത്രങ്ങളോ അവർക്കില്ല. ഈ സാഹചര്യത്തിൽ
ഇവർക്ക് കൈത്താങ്ങാവാൻ ആവിഷ്കരിച്ച പദ്ധതിയാണ് ‘ഉദയം പദ്ധതി’.
ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി. ഒന്നാം ഘട്ടത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായപ്പോൾ തെരുവില്‍ ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ടവരെ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ‘ഉദയം പ്രൊജക്ട് ‘ ആരംഭിച്ചതെന്ന് കോഴിക്കോട് ജില്ലാ കളക്ടർ എസ്.സാംബശിവറാവു അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ അശരണരായ 1400 ഓളം ആളുകൾക്ക് ജനപങ്കാളിത്തതോടെ പുനരധിവാസ സേവനങ്ങൾ ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട് ഉദയം ചാരിറ്റബിൾ ട്രസ്റ്റിനു കീഴിലാണ് ‘ഉദയം ഹോം’ പ്രവർത്തിക്കുന്നത്. “തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോട് ” എന്ന ആശയത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണ് ഈ പദ്ധതി. നാന്നൂറോളം പേർ ഇപ്പോൾ മൂന്ന് കേന്ദ്രങ്ങളിലായി താമസിക്കുന്നുണ്ട്. ആദ്യ ലോക്ഡൗൺ കാലത്ത് നിരവധി പേർക്കാണ് ജില്ലാഭരണകൂടം ഈ
കേന്ദ്രങ്ങളിലായി സുരക്ഷിതമായ ജീവിതസാഹചര്യം ഉറപ്പാക്കിയത്. ഇതിൽ അർഹതപ്പെട്ടവർക്കെല്ലാം വോട്ടേഴ്‌സ് ഐ ഡി, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ രേഖകളും നൽകി അവരുടെ അവകാശങ്ങൾ ഉറപ്പാക്കാനും ശ്രദ്ധിക്കുന്നുണ്ട്. നൂറോളം പേരെ അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇംഹാൻസിന്റെയും ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന്റെയും നേതൃത്വത്തിലുള്ള സൈക്കോ സോഷ്യൽ കെയർ ടീം ഇവർക്ക് ആവശ്യമായ സാമൂഹ്യ- മനശാസ്ത്രപരമായ വിലയിരുത്തലും ചികിത്സകളും ലഭ്യമാക്കുന്നുണ്ട്. ഇവരിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവർക്കു തൊഴിൽ പരിശീലനം നൽകി വരുന്നുണ്ട്. നിർമാണ മേഖല, ഹോട്ടല്‍, ചെരുപ്പു കമ്പനി, ഫാമുകള്‍
തുടങ്ങിയിടങ്ങളില്‍ പലരും ജോലി ചെയ്യുന്നു. മുൻ എംഎൽഎയും വി.കെ .സി ഗ്രൂപ്പ് സ്ഥാപകനും, പ്രമുഖ വ്യവസായിയുമായ വി.കെ.സി. മമ്മദ്കോയ സംഭാവനയായി നൽകിയ ഒരു കോടി രൂപയാണ് ഉദയം ഭവനം യാഥാർഥ്യത്തിലേക്ക് എത്തിക്കാൻ പ്രേരകമായത്. ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റ് 50 ലക്ഷം രൂപയും നൽകി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലാഭം എടുക്കാതെ നിർമ്മാണം പ്രവർത്തനങ്ങൾ നടത്തി. കെട്ടിടം മനോഹരമായി രൂപകല്പന ചെയ്ത കോഴിക്കോട് ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സ്, സത്ക്രിയയുടെ പിന്തുണ എന്നിവ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൽ നിർണായകമായി. പരിമിതികൾക്കിടയിലും
നിരാലംഭരായ മനുഷ്യർക്ക് ഉദയം പദ്ധതിയിലൂടെ പുതിയൊരു ജീവിത നൽകാൻ കഴിഞ്ഞു എന്നത് ആത്മസംതൃപ്തി നൽകുന്നുണ്ടെന്ന് ജില്ലാ
കളക്ടർ പറഞ്ഞു. നമ്മുടെ സഹോദരങ്ങൾക്കായി നമുക്കൊന്നിച്ച് പലതും ചെയ്യാൻ സാധിക്കും. ദിവസേനെയുള്ള ഭക്ഷണം ഉൾപ്പെടെയുള്ള ചെലവുകൾ പൊതുജനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും സഹായത്താലാണ് സാധ്യമാക്കുന്നത്. പലരും നൽകിയ സഹായങ്ങൾ തുടർന്നും ഉദയം ഹോമിലെ നമ്മുടെ സഹോദരങ്ങൾക്ക് ആവശ്യമാണ്. മാനസിക- ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്ക് മികച്ച ആരോഗ്യ പരിരക്ഷ നൽകാനും, ഭക്ഷണം, വസ്ത്രം, ജോലി തുടങ്ങിയവ ഇവർക്കു ഉറപ്പാക്കാൻ അകമഴിഞ്ഞ പിന്തുണ ഇനിയും ഉണ്ടാകണം. ഏത് ചെറിയ സഹായവും, നമ്മൾ അവർക്ക് സമ്മാനിക്കാൻ ആഗ്രഹിക്കുന്ന നല്ല നാളെകൾക്കു വേണ്ടിയുള്ള വലിയൊരു മുതൽ കൂട്ടാകുമെന്നും കളക്ടർ പറഞ്ഞു. സഹായങ്ങൾ നൽകാൻ: