ഗജരാജൻ ഗുരുവായൂർ കേശവന് സ്മരണാഞ്ജലി

ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ ഗജരാജൻ  ഗുരുവായൂർ കേശവൻ അനുസ്മരണം നടത്തി. കേശവന് ശ്രദ്ധാഞ്ജലിയർപ്പിക്കാൻ ദേവസ്വം കൊമ്പൻമാർക്കൊപ്പം  ഭക്തജനങ്ങളുമെത്തി. രാവിലെ ആറര മണിയോടെ തിരുവെങ്കിടത്ത് നിന്ന് ഗജരാജൻ ഗുരുവായൂർ കേശവൻ്റെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള ഗജഘോഷയാത്ര ആരംഭിച്ചു.

ആനകൾ തമ്മിൽ ഹൈക്കോടതി  ഉത്തരവ് പ്രകാരമുള്ള  നിശ്ചിത അകലം പാലിച്ചായിരുന്നു ഗജഘോഷയാത്ര. ദേവസ്വം കൊമ്പൻ ഇന്ദ്രസെൻ ഗജരാജൻ ഗുരുവായൂർ കേശവൻ്റെ ഛായാചിത്രം ശിരസിലേറ്റി.

കൊമ്പൻ ബൽറാം ഗുരുവായൂരപ്പൻ്റെ ചിത്രവും കൊമ്പൻ വിഷ്ണു ഭഗവതിയുടെ ചിത്രവും ശിരസിൽ വഹിച്ചു. കൊമ്പൻ ശ്രീധരനും ദേവിയാനയും ഘോഷയാത്രയിൽ അണിനിരന്നു.

രാവിലെ ഏഴേ മുക്കാലോടെ ഗജഘോഷയാത്ര ഗുരുവായൂർ കിഴക്കെ നടയിലെത്തി. ക്ഷേത്രം വലം വെച്ച ശേഷമാണ് ഘോഷയാത്ര ശ്രീവൽസത്തിന് മുന്നിലെ കേശവൻ പ്രതിമയ്ക്ക് മുന്നിലെത്തിയത്. ദേവസ്വം കൊമ്പൻ ഇന്ദ്രസെൻ കേശവൻ പ്രതിമയക്ക് മുന്നിൽ തുമ്പിക്കൈ ഉയർത്തി സ്മരാണഞ്ജലി അർപ്പിച്ചു. തുടർന്ന് പ്രതിമയെ വലംവെച്ച് അഭിവാദ്യമേകി.

ദേവസ്വം ആനകളായ അക്ഷയ കൃഷ്ണൻ, ഗോപീകണ്ണൻ, വിനായകൻ, പീതാംബരൻ, ദേവി എന്നിവ നേരത്തെയെത്തി കേശവന് ശ്രദ്ധാഞ്ജലി നേരാന്‍ അണിനിരന്നു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഗുരുവായൂർ കേശവൻ്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പചക്രം അർപ്പിച്ചു. ഭരണ സമിതി അംഗങ്ങളായ  സി.മനോജ്, കെ.പി.വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ, മനോജ് ബി നായർ, അഡ്മിനിസ്ടേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
.

Leave a Reply

Your email address will not be published. Required fields are marked *