മൂവാറ്റുപുഴ നഗരസഭ ശേഖരിച്ചത് മൂന്ന് ടൺ തുണി മാലിന്യം
വീട്ടിൽ കുന്നുകൂടി കിടന്നാൽ തുണിയും മാലിന്യം
വീട്ടിൽ ഉപയോഗമില്ലാതെ വെറുതെ കിടക്കുന്ന തുണിത്തരങ്ങൾ അവസാനം മാലിന്യമായി മാറും. പുനരുപയോഗമുളളതും ഇല്ലാത്തവയുമായ തുണി വീട്ടിൽ കെട്ടിക്കിടന്നാൽ അത് തലവേദനയാണ്. ഇത് നീക്കം ചെയ്യാനും ബുദ്ധിമുട്ടാണ്. മൂവാറ്റുപുഴ നഗരസഭയാണ് ഇതിന് പരിഹാരവുമായി മുന്നോട്ടുവന്നിരിക്കുന്നത്.
ഹരിത മൂവാറ്റുപുഴ പദ്ധതിയുടെ ഭാഗമായി മൂന്ന് ടൺ തുണി മാലിന്യങ്ങൾ ശേഖരിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ കലണ്ടർ പ്രകാരം സെപ്റ്റംബർ മാസത്തിൽ തുണി മാലിന്യങ്ങളാണ് ശേഖരിച്ചത്. നഗരസഭയ്ക്ക് കീഴിലുള്ള 28 വാർഡുകളിൽ നിന്നാണ് ഹരിത കർമ്മ സേന അംഗങ്ങൾ പഴയതും പുനരുപ യോഗ്യവും ഉപയോഗശൂന്യവുമായ മൂന്ന് ടൺ വസ്ത്രങ്ങൾ ശേഖരിച്ചത്.
ഇതിൽ ഉടുപ്പുകൾ മുതൽ മുതിർന്നവരുടെ വസ്ത്രങ്ങൾ കർട്ടൻ, ബെഡ്ഷീറ്റ്, സാരി, തലയണ, മെത്ത എന്നിവയും ഉൾപ്പെടുന്നു. അമ്പത് ഹരിത കർമ്മ സേന പ്രവർത്തകരാണ് അജൈവമാലിന്യ ശേഖരണത്തോടൊപ്പം തുണി മാലിന്യങ്ങൾ, പാഴ് വസ്ത്രങ്ങൾ എന്നിവ ശേഖരിച്ചത്.
നിലവിൽ മൂവാറ്റുപുഴ നഗരസഭയിലെ മെറ്റീരിയൽ കളക് ഷൻ സെൻ്ററിൽ സൂക്ഷിച്ചിരിക്കുന്ന തുണി മാലിന്യങ്ങളിൽ പുനരുപയോഗിക്കാൻ കഴിയുന്നവ ഈറോഡ്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളിലേക്ക് കൈമാറും. പുനരുപയോഗിക്കാൻ സാധിക്കാത്തവ ക്ലീൻ കേരള കമ്പനിയ്ക്ക് കൈമാറുകയും ചെയ്യും. ഹരിത മൂവാറ്റുപുഴ പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യാൻ 9496002423 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.