തൊഴിലുറപ്പ്: നൂറുകോടി രൂപയോളം കുടുതൽ ചെലവഴിച്ച് കോഴിക്കോട് ജില്ല
തൊഴിലുറപ്പ് പദ്ധതിപ്രകാരം കോഴിക്കോട് ജില്ലയിൽ 2021-22 സാമ്പത്തികവർഷത്തിൽ ചെലവഴിച്ചത് 551.04 കോടിരൂപ. മുൻവർഷത്തേക്കാൾ നൂറുകോടിയോളം രൂപ കൂടുതലാണിതെന്ന് ജില്ലാ കളക്ടർ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
കോവിഡ് കാലത്തെ അതിജീവനത്തിന് തൊഴിലുറപ്പ് പദ്ധതി വലിയ തോതിൽ സഹായിച്ചുവെന്ന് ചെലവഴിച്ച തുകയിൽ നിന്ന് വ്യക്തമാണ്. 551 കോടി രൂപയിൽ 60 ശതമാനവും തൊഴിലാളികൾ ക്ക് കൂലിയായി കിട്ടിയതാണ്.
ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും വാർഷികപദ്ധതി വിഹിതത്തെക്കാൾ കൂടുതലാണ് തൊഴിലുറപ്പ് പദ്ധതിവിഹിതമെന്ന പ്രത്യേകതയുമുണ്ട്.
തൊഴിൽദിനങ്ങൾ, 100 തൊഴിൽദിനം പൂർത്തിയാക്കിയവർ
എന്നിവയുടെ എണ്ണത്തിലും റെക്കോഡ് നേട്ടമാണ് ഇത്തവണ ജില്ല കൈവരിച്ചത്. മാർച്ച് 31 വരെയുള്ള കണക്കു പ്രകാരം 2021-22 വർഷത്തിൽ സൃഷ്ടിക്കപ്പെട്ടത് 1.11 കോടി തൊഴിൽ ദിനങ്ങളാണ്.
തുടർച്ചയായ രണ്ടാം വർഷമാണ് ജില്ലയിൽ തൊഴിൽ ദിനങ്ങൾ ഒരുകോടി കടക്കുന്നത്. ഇത്തവണ 60,516 കുടുംബങ്ങൾ നൂറു തൊഴിൽദിനം പൂർത്തിയാക്കി. ഇതും റെക്കോഡാണ്. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലും ആകെ ചെലവഴിച്ച തുക മുൻവർഷത്തേക്കാൾ അധികമാണ്.