തിരുവോണാഘോഷത്തിന് ഗുരുവായൂർ ക്ഷേത്രം ഒരുങ്ങി

തിരുവോണാഘോഷ ചടങ്ങുകൾക്കായി ഗുരുവായൂർ ക്ഷേത്രം ഒരുങ്ങി.
തിരുവോണാഘോഷത്തിൻ്റെ ഭാഗമായുള്ള ഉത്രാടം കാഴ്ചക്കുല വെപ്പ്, ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം, വിശേഷാൽ കാഴ്ചശീവേലി ഉൾപ്പെടെയുള്ള ചടങ്ങുകളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അറിയിച്ചു.

തിരുവോണ നാളിൽ (സെപ്റ്റംബർ 8 ) പതിവു ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിശേഷാൽ കാഴ്ച ശീവേലിയും മേളവും ഉണ്ടാകും. അന്ന് പുലർച്ചെ നാലരയ്ക്കാണ് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം. ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമർപ്പിക്കും. തുടർന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമർപ്പിക്കും.

തിരുവോണത്തിന് പതിനായിരം പേർക്കുള്ള വിശേഷാൽ പ്രസാദ ഊട്ട് രാവിലെ 10ന് തുടങ്ങും. കാളൻ, ഓലൻ, പപ്പടം, പച്ചക്കൂട്ട് കറി, കായവറവ്, പഴം പ്രഥമൻ, ഉപ്പിലിട്ടത്, മോര് ഉൾപ്പെടെയുളള വിഭവങ്ങൾ ഉണ്ടാകും. പ്രസാദ ഊട്ടിൻ്റെ ക്യൂ ഉച്ചയ്ക്ക് രണ്ടു മണിക്ക് അവസാനിക്കും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്ന പന്തലിലുമാണ് പ്രസാദ ഊട്ട്.

രാവിലെയും ഉച്ച കഴിഞ്ഞും രാത്രിയും നടക്കുന്ന വിശേഷാൽ കാഴ്ചശീവേലിക്ക് ഗോകുൽ, ചെന്താമരാക്ഷൻ, രവി കൃഷ്ണൻ എന്നീ ദേവസ്വം കൊമ്പൻമാർ കോലമേറ്റും. രാവിലത്തെ ശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാരും ഉച്ച കഴിഞ്ഞുള്ള ശീവേലിക്ക് ഗുരുവായൂർ ശശിമാരാരും മേള പ്രമാണം വഹിക്കും.

ഉത്രാട ദിനത്തിൽ രാവിലെ ശ്രീവേലിക്കു ശേഷമാണ് ഉത്രാടം കാഴ്ചക്കുല വെപ്പ്. സ്വർണക്കൊടിമരച്ചുവട്ടിൽ വെച്ചാണ് ചടങ്ങ്. വാർത്താ സമ്മേളനത്തിൽ ദേവസ്വം ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, മുൻ എം.പി. ചെങ്ങറ സുരേന്ദ്രൻ, അഡ്വ.കെ.വി.മോഹന കൃഷ്ണൻ, കെ.ആർ.ഗോപിനാഥ്, മനോജ് ബി.നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ പങ്കെടുത്തു. Content highlihgts: guruvayur temple thiruvonam festival celebration

Leave a Reply

Your email address will not be published. Required fields are marked *